ആദ്യ പ്രതിപക്ഷ നേതാവിന്റെ കാസർകോട്
text_fieldsകാസർകോട്: വികസനത്തിൽ പിന്നാക്കമാണെങ്കിലും ഇന്ത്യൻ പാർലമെന്റിലെ ആദ്യ പ്രതിപക്ഷ നേതാവിനെ സൃഷ്ടിച്ച മണ്ഡലമാണ് കാസർകോട്. പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങൾ സംബന്ധിച്ച ആക്ട് നിലവിൽ വരുന്നതിനു മുമ്പായിരുന്നു എ.കെ. ഗോപാലൻ പ്രതിപക്ഷ നേതാവായത്. അന്ന് കോൺഗ്രസിന് 360ഉം ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക്(സി.പി.ഐ)ക്ക് 16ഉം സീറ്റുകളാണുണ്ടായിരുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിൽനിന്നും ജയിച്ച എ.കെ. ഗോപാലനാണ് പ്രതിപക്ഷ നേതാവെന്ന് അറിയപ്പെട്ടത്.
1977ലാണ് പാർലമെന്റിലെ പ്രതിപക്ഷ നേതാവിന്റെ ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച ആക്ട് നിലവിൽ വന്നത്. അന്നു മുതൽ പാർലമെന്റിൽ പ്രതിപക്ഷ നേതാവിന് ഔദ്യോഗിക സ്വഭാവവും ആനുകൂല്യങ്ങളും ലഭിച്ചു. അതോടെ പ്രതിപക്ഷത്തെ ഏറ്റവും വലിയ പാർട്ടിക്ക് സഭയിലെ ആകെ അംഗങ്ങളുടെ പത്ത് ശതമാനം അംഗങ്ങൾ വേണമെന്ന ചട്ടവും നിലവിൽ വന്നു.
ഇപ്പോൾ കോൺഗ്രസിന് 44 അംഗങ്ങൾ മാത്രമേയുള്ളൂ. 540 അംഗങ്ങളിൽ 54 അംഗങ്ങൾ കോൺഗ്രസിനുണ്ടായാൽ മാത്രമേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമായിരുന്നുള്ളൂ. ഇത്തവണ അതുണ്ടായില്ല. അതുകൊണ്ട് ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ല എന്ന് പറയാം. ഭരിക്കുന്ന കക്ഷിക്ക് വിവേചനാധികാരത്തോടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഈ പദവി നൽകാം. എന്നാൽ ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന ബി.ജെ.പി അതിനു തയാറായില്ല.
അതേസമയം എ.കെ. ഗോപാലന് പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രാധാന്യവും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നൽകിയിരുന്നു.
1977 ജനത ഭരണകാലത്താണ് നിയമപരമായ പ്രതിപക്ഷ നേതാവുണ്ടാകുന്നത്. കോൺഗ്രസിന്റെ വൈ.ബി. ചവാൻ അന്ന് പ്രതിപക്ഷ നേതാവായി. 1970 മുതൽ ’77വരെ ഈ പദവി ഒഴിഞ്ഞുകിടന്നു. ജനത ഭരണകാലത്ത് 77-78 കാലയളവിലും ’79ലും വൈ.ബി.ചവാൻ പ്രതിപക്ഷ നേതാവായി. അതിനിടയിൽ ഒന്നരവർഷം ഇടുക്കി എം.പി. സി.എം. സ്റ്റീഫൻ പ്രതിപക്ഷ നേതാവായി (12 ഏപ്രിൽ 1978-9 ഒമ്പത് ജൂലൈ 1979). എ.കെ.ജി.ക്ക് ശേഷം പാർലമെന്റിന്റെ പ്രതിപക്ഷ ശബ്ദമായി മാറിയ മലയാളിയാണ് ഇടുക്കി എം.പിയായിരുന്ന സി.എം. സ്റ്റീഫൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.