കാസർകോട് ജില്ല പഞ്ചായത്ത് ടൂറിസം ഹബ് നടപ്പാക്കും
text_fieldsകാസർകോട്: വിനോദസഞ്ചാര മേഖലയില്‍ സാധ്യതയുള്ള ജില്ലയിലെ പ്രദേശങ്ങള്‍ കണ്ടെത്തി ടൂറിസം ഹബ് പദ്ധതി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത്. ഇതിനായി ടൂറിസം നിക്ഷേപ രംഗത്ത് താൽപര്യമുള്ളവരെ പങ്കെടുപ്പിച്ച് ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.
പൊസഡിഗുംബെ, കണ്വതീര്‍ഥ, കണിച്ചിറ, ഗുരുവനം, നീലേശ്വരം അഴിത്തല, വലിയപറമ്പ, കാവുഞ്ചിറ തുടങ്ങി വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടാന്‍ കാത്തുകിടക്കുന്ന ജില്ലയിലെ പ്രദേശങ്ങള്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തും. തുടര്‍ന്ന് ഡി.പി.ആര് തയാറാക്കി ടൂറിസം നിക്ഷേപകസംഗമത്തില്‍ അവതരിപ്പിക്കും. അന്തിമമാക്കിയതിനുശേഷം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് പറഞ്ഞു.
ഒരു കോടി രൂപയുടെ മരുന്ന്
ചെമ്മട്ടംവയല്‍ ജില്ല ആശുപത്രിക്ക് ഒരുകോടി രൂപയുടെ മരുന്ന് ലഭ്യമാക്കി. നീതി മെഡിക്കല്‍ സ്റ്റോര്‍ മുഖേനയും ആശുപത്രിയിലേക്ക് മരുന്നുകളെത്തിക്കും. കരള്‍, വൃക്ക രോഗികള്‍ക്കുള്ള 50 ലക്ഷം രൂപയുടെ മരുന്നുകളും എത്തിച്ചു. ഇതിനായുള്ള ഗുണഭോക്തൃ ലിസ്റ്റ് യോഗത്തില്‍ അംഗീകരിച്ചു.
സ്കൂളുകളിൽ കൃഷി
ജില്ലയിലെ സ്കൂളുകളിലെ കുട്ടികളില്‍ കൃഷിയില്‍ താൽപര്യമുണ്ടാക്കുന്നതിനും സ്കൂളുകളില്‍ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ അതത് സ്കൂളുകളില്‍ കൃഷിചെയ്യാനുമായി കൃഷിവകുപ്പുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ഡിജിറ്റല്‍ ലിറ്ററസി പദ്ധതി
ഡിജിറ്റല്‍ ലിറ്ററസി പദ്ധതി ഈമാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ജനുവരി ആദ്യവാരം ജില്ലതല പ്രഖ്യാപനം നടത്തും. ജില്ലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ ലിറ്ററസി പഞ്ചായത്തായ അജാനൂരില്‍ ഡിസംബര്‍ 18ന് പ്രഖ്യാപനം നടത്തും.
ഗോത്രവാഹിനി; തുക കൈമാറി
ഗോത്രവാഹിനി പദ്ധതിക്കായി ഉപയോഗിച്ച വാഹനങ്ങള്‍ക്ക് മുഴുവന്‍ തുകയും കൈമാറിയതായി പി. ബേബി ബാലകൃഷ്ണന് പറഞ്ഞു. വിവിധ മേഖലകളില്‍ വിദ്യാര്‍ഥികളെ സ്കൂളുകളിലെത്തിച്ച വാഹന ഉടമകള്‍ക്ക് 1,69,07344 രൂപയാണ് കൈമാറിയത്. ജില്ലയിലെ ദുര്‍ഘടപ്രദേശങ്ങളിലെ പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെട്ട ഒന്നു മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ സ്കൂളിലെത്തിക്കാനായി ജില്ല പഞ്ചായത്ത് നടപ്പിലാക്കിയ അഭിമാനപദ്ധതിയായിരുന്നു ഗോത്രവാഹിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.