പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കള്ളക്കേസെടുത്ത് കാസർകോട് പൊലീസ്; പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും പറഞ്ഞിട്ടും കേസ് പിൻവലിച്ചില്ല
text_fieldsകാസർകോട്: സഹപ്രവർത്തകയായ ഹിന്ദു പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കാസർകോട് പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്വദീപ് സ്വദേശിയായ 23കാരനെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തത്. പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും പലതവണ പൊലീസിനെ നേരിട്ട് അറിയിച്ചെങ്കിലും കള്ളക്കേസ് പിൻവലിക്കാൻ പൊലീസ് തയാറായില്ല. കേസിന് പിന്നിൽ ബി.ജെ.പിക്കാർ അടക്കമുള്ളവരുടെ സമ്മർദമാണെന്നാണ് അറിയുന്നത്. രണ്ടരമാസത്തെ മാനസികപീഡനം അനുഭവിച്ച യുവാവിന് നിയമയുദ്ധത്തിനൊടുവിൽ, പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാസർകോട് സെഷൻസ് കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യമനുവദിച്ചു. നാലുതവണയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടത്.
സെപ്റ്റംബർ 13ന് രാത്രിയാണ് പെൺകുട്ടിയേയും യുവാവിനെയും വലച്ച കള്ളക്കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ ടെക്‌നീഷ്യനായ യുവാവും ഇതേ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ 17കാരിയും രാത്രി ബൈക്കിൽ പോയതിന്റെ പേരിലാണ് കാസർകോട് വനിത പൊലീസ് കേസെടുത്തത്.
‘ജാമ്യം നൽകിയാൽ ജില്ലയിൽ സാമുദായിക സംഘർഷം ആളിക്കത്തും’
‘പെൺകുട്ടിയും യുവാവും വ്യത്യസ്ത മതത്തിൽപെട്ടവരായതിനാൽ ജാമ്യം നൽകുന്നത് ജില്ലയിൽ സാമുദായിക സംഘർഷം ആളിക്കത്തിക്കും’ -നാലാം തവണ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി മുമ്പാകെ പബ്ലിക് പ്രോസിക്യൂട്ടർ പി. വേണുഗോപാലൻ ഉന്നയിച്ച വാദമാണിത്. എന്നാൽ, ‘കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയല്ലാതെ ഒരാളുമായി പുറത്തേക്ക് പോകുന്നത് കുറ്റമല്ല. ഈ കേസിൽ അവർ പുറത്ത്പോയപ്പോൾ ഒരു കുറ്റവും ചെയ്തിട്ടില്ല’ എന്ന് വ്യക്തമാക്കി സെഷൻസ് ജഡ്ജി സാനു എസ്. പണിക്കർ യുവാവിന് മുൻകൂർ ജാമ്യം അനുവദിച്ചു.
സംഘ്പരിവാർ ഗൂഢാലോചനയുടെ ഭാഗമായി ഒരു പരാതിയും ലഭിക്കാതെ തട്ടിക്കൊണ്ടുപോകൽ കേസ് ഫയൽ ചെയ്ത പൊലീസിന്റെയും പ്രോസിക്യൂഷന്റെയും നടപടി ആശങ്കാജനകമായ ചോദ്യങ്ങൾ ഉയർത്തുന്നതായി യുവാവിന് വേണ്ടി ഹാജരായ അഡ്വ. ഷാജിദ് കമ്മാടം പറഞ്ഞു. തെളിവുകളേക്കാൾ മുൻവിധി കൊണ്ട് മാത്രമാണ് പൊലീസ് പ്രവർത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
‘യുവാവിനെ പ്രതിയാക്കാൻ പൊലീസും ചില വർഗീയ ശക്തികളും സമ്മർദം ചെലുത്തി’
ഇരുവരും ജോലി ചെയ്തിരുന്ന ആശുപത്രിയിൽ സെപ്തംബർ 13ന് ഓണം ആഘോഷിച്ചിരുന്നു. ഭക്ഷണശേഷം പെൺകുട്ടി ബൈക്കിൽ ടൗണിൽ ചുറ്റിക്കറങ്ങി വരാമെന്ന് യുവാവിനോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് ഇരിക്കുമ്പോഴാണ് അവൾ ഇക്കാര്യം പറഞ്ഞതെന്ന് ആശുപത്രിയിലെ മറ്റൊരു ജീവനക്കാരി പറയുന്നു. ഇതുപ്രകാരം പുലർച്ചെ 12.45 ഓടെ ഇരുവരും ബൈക്കിൽ ആശുപത്രിയിൽനിന്ന് ടൗണിലേക്ക് പോയി രണ്ടുമണിക്കൂറിന് ശേഷം തിരിച്ചെത്തി.
എന്നാൽ, ഇത് ആശുപത്രിയിലെ ബി.ജെ.പി അനുഭാവമുള്ള ജീവനക്കാർ വർഗീയമായി ചിത്രീകരിച്ചു. ഇവർ സംഭവം പുറത്തറിയിക്കുകയും യുവാവിനെതിരെ പരാതി നൽകാൻ പെൺകുട്ടിയിലും അമ്മയിലും ആശുപത്രി ഉടമയിലും സമ്മർദം ചെലുത്തുകയുമായിരുന്നു. എന്നാൽ, പരാതി നൽകാൻ ഇവർ തയാറായില്ല. സമ്മർദം ശക്തമായതോടെ, സെപ്റ്റംബർ 19 ന് ആശുപത്രി ഉടമ ‘കാര്യങ്ങളുടെ സത്യാവസ്ഥ അറിയണം, യുവാവും പെൺകുട്ടിയും ഇതര മതത്തിൽപെട്ടവരായതിനാൽ വർഗീയപരമായ രീതിയിലേക്ക് കാര്യങ്ങൾ എത്താനിടയുണ്ട്’ എന്ന് സൂചിപ്പിച്ച് കാസർകോട് വനിതാ പൊലീസിന് കത്തെഴുതി.
ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം ബി.എൻ.എസ് സെക്ഷൻ 137 (2) പ്രകാരം തട്ടിക്കൊണ്ടുപോകലിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അമ്മയും മകളും പരാതിയില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസ് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ സംശയകരമായ ഒന്നുമുണ്ടായിരുന്നില്ല. പെൺകുട്ടിയുടെ മാതാവിൽനിന്ന് പൊലീസ് പലതവണ മൊഴിയെടുത്തുവെങ്കിലും ഇവർ പരാതിയില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. തന്റെ സമ്മതത്തോടെയാണ് തങ്ങൾ ഒരുമിച്ച് നഗരം ചുറ്റിക്കറങ്ങാൻ പോയതെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് പെൺകുട്ടി രഹസ്യ മൊഴിയും നൽകി. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകാൻ ഒരുമാസം ബാക്കിയിരിക്കെയാണ് കേസ്.
ഇതോടെ യുവാവ് അഡ്വ. ഷാജിദ് കമ്മാടം വഴി കാസർകോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു. നവംബർ 27ന് കേസ് പരിഗണിച്ചു. എന്നാൽ, കേസിൽ വ്യക്തതയില്ലെന്ന് കോടതി സൂചന നൽകി. വിശദ വാദം കേൾക്കുന്നതിനായി ഡിസംബർ മൂന്നിലേക്ക് കേസ് മാറ്റുകയായിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സാമുദായികസംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാദം പ്രോസിക്യൂഷൻ ആവർത്തിച്ചെങ്കിലും അമ്മക്കും മകൾക്കും പരാതിയില്ലാത്തതിനാൽ കോടതി യുവാവിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. കേസിൽ പൊലീസ് കാണിച്ച അനാവശ്യ ഇടപെടൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടു പോയതായി എഫ്.ഐ.ആർ
‘17 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ദുരുപയോഗം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രതി ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി’ -എന്നാണ് സബ് ഇൻസ്പെക്ടർ അജിത എഫ്.ഐ.ആറിൽ എഴുതിയത്. ചില നേതാക്കൾ തൻെറ വീട്ടിൽ വന്ന് യുവാവിനെ പ്രതിയാക്കാൻ സമ്മർദം ചെലുത്തിയതായും തന്റെ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിച്ച് പൊലീസ് പലതവണ മൊഴിയെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ, യുവാവ് തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഇവർ ഉറച്ചുനിന്നു. ‘ഞങ്ങൾക്ക് പരാതിയില്ലെങ്കിലും പൊലീസ് മകളെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയിൽ ഒന്നും അസ്വാഭാവികത കണ്ടെത്താനായില്ല. എന്നിട്ടും, പൊലീസ് യുവാവിനെതിരെ കേസെടുത്തു’ -അമ്മ പറഞ്ഞു.
അതേസമയം, പോക്‌സോ കേസിനെക്കുറിച്ച് ആശുപത്രിയിൽ നിന്ന് പൊലീസിന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത് എന്നാണ് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറയുന്നത്. എന്നാൽ, ആശുപത്രി അധികൃതർ നൽകിയ കത്തിൽ ലൈംഗികാതിക്രമം സംബന്ധിച്ച യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല.
നവംബർ 20 ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പോൾ പരാതിയില്ലെന്ന അമ്മയുടെയും മകളുടെയും മൊഴി പൊലീസിന്റെ പക്കലുണ്ടായിരുന്നുവെന്ന് അഡ്വ. ഷാജിദ് കമ്മാടം പറഞ്ഞു. എന്നാൽ, പൊലീസ് ഇത് കോടതിയെ അറിയിച്ചില്ല. എന്നുമാത്രമല്ല, നവംബർ 27 ന് മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ വേണുഗോപാലൻ ഹരജിയെ ശക്തമായി എതിർത്തു. ജാമ്യം നൽകുന്നത് വർഗീയ സംഘർഷം സൃഷ്ടിക്കുമെന്ന് പറഞ്ഞു. ഡിസംബർ 3ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും വർഗീയ സംഘർഷം ഉണ്ടാകുമെന്ന ആരോപണം പബ്ലിക് പ്രോസിക്യൂട്ടർ ആവർത്തിച്ചു. എന്നാൽ, കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസ് പിൻവലിക്കാൻ ഹൈകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യുവാവ്. മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവോടെ ഇനി പൊലീസ് തങ്ങളെയും യുവാവിനെയും ബുദ്ധിമുട്ടിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.