മംഗളൂരു വിമാന ദുരന്തം: നഷ്ടപരിഹാരത്തിനുള്ള അബ്ദുൽ സലാമിെൻറ പോരാട്ടത്തിന് പതിറ്റാണ്ട്
text_fieldsകാസര്‍കോട്: മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ നിയന്ത്രണംവിട്ട് വിമാനത്തിന് തീപിടിച്ച് 158 പേര്‍ മരിച്ച കേസില്‍ നഷ്ടപരിഹാരത്തിനായുള്ള അബ്ദുൽ സലാമിെൻറ പോരാട്ടത്തിന് 10 വര്‍ഷം. 2010 മേയ് 22ന് പുലർച്ചയാണ് ദുബൈയില്‍നിന്ന് 166 യാത്രക്കാരുമായി ബജ്‌പെയിൽ ഇറങ്ങുന്നതിനിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കെഞ്ചാര്‍ കുന്നിൻചരിവില്‍ കത്തിയമര്‍ന്നത്.
വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം 166 പേരില്‍ 158 പേരും കത്തിയമർന്നതിൽ ഭൂരിഭാഗവും മലയാളികളായിരുന്നു. വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അന്താരാഷ്ട്ര ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 75 ലക്ഷത്തോളം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് അന്ന് വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ സംഭവദിവസം മംഗളൂരുവിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
എയര്‍ ഇന്ത്യ ഏര്‍പ്പാടാക്കിയ നാനാവതി കമീഷന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതരുമായി ചര്‍ച്ച നടത്തി 30 ലക്ഷം രൂപ മുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, മകന്‍ നഷ്ടപ്പെട്ട ആരിക്കാടി സ്വദേശി അബ്ദുല്‍ സലാം ഈ തുക അപര്യാപ്തമാണെന്ന് കാട്ടി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇവര്‍ക്ക് പിന്തുണയുമായി എയര്‍ക്രാഷ് വിക്ടിംസ് അസോസിയേഷന്‍ രംഗത്തുവന്നു. മോണ്‍ട്രിയന്‍ കരാറിെൻറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഇതിനെതിരെ എയര്‍ ഇന്ത്യ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച് വിധി റദ്ദാക്കി. അബ്ദുല്‍ സലാം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ നിയമസഹായവുമായി എയര്‍ക്രാഷ് വിക്ടിംസ് അസോസിയേഷന്‍ ഉണ്ടെങ്കിലും നീണ്ട 10 വര്‍ഷത്തെ കാത്തിരിപ്പ് തുടരുകയാണ്.
സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ല. ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശിയുടെ ആശ്രിതര്‍ സ്വമേധയാ ഫയല്‍ ചെയ്ത കേസില്‍ 7.64 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞമാസം അവസാനവാരം സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. നവി മുംബൈയില്‍ താമസക്കാരനായിരുന്ന ദുബൈ ആസ്ഥാനമായുള്ള കമ്പനിയുടെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ മഹേന്ദ്ര കൊഡ്ക്കണിയുടെ (45) ഭാര്യക്കും രണ്ടു മക്കള്‍ക്കുമാണ് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കേണ്ടത്. അഡ്വ. യശ്വന്ത് ഷേണായി മുഖാന്തരമാണ് മഹേന്ദ്ര കൊഡ്ക്കണിയുടെ ആശ്രിതര്‍ സുപ്രീംകോടതിയില്‍ കേസ് വാദിച്ച് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നേടിയെടുത്തത്. ഇദ്ദേഹത്തിെൻറ മാതാവിന് നേരത്തേ എയര്‍ ഇന്ത്യ 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു.
വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ന് ഗള്‍ഫില്‍ ലഭിച്ചിരുന്ന ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കിയത്. എന്നാല്‍, തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന നിരവധി പേര്‍ ദുരന്തത്തില്‍ മരിച്ചതോടെ ഇവരുടെ കുടുംബങ്ങള്‍ ഇന്നും കണ്ണീരുമായി കഴിഞ്ഞുകൂടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.