കശ്മീരിനെ കുറിച്ച് മാധ്യമങ്ങൾ സംസാരിക്കുന്നില്ല –അനുരാധ ഭാസിൻ
text_fieldsമലപ്പുറം: കശ്മീരിനെ കുറിച്ച് ഒരക്ഷരം പറയാതെയാണ് അവിടത്തെ മാധ്യമ പ്രവർത്തനം ഇപ്പോൾ നടക്കുന്നതെന്ന് കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ. പത്രങ്ങളല്ല, നോട്ടീസുകളാണ് പുറത്തിറങ്ങുന്നതെന്നും സി.പി.ഐ സംഘടിപ്പിച്ച കെ. ദാമോദരന് സ്മാരക ദേശീയ സെമിനാറിൽ അവർ പറഞ്ഞു. ‘മാധ്യമ പ്രതിസന്ധി’ വിഷയത്തിൽ സംസാരിക്കുന്നതിനിടെയാണ് കശ്മീരിലെ മാധ്യമ പ്രവർത്തകർ നേരിടുന്ന കടുത്ത വെല്ലുവിളികൾ അനുരാധ സദസ്സിനോട് പങ്കുവെച്ചത്.
സർക്കാർ തയാറാക്കിയ മീഡിയ സെൻററിൽ സജ്ജമാക്കിയ ഏതാനും കമ്പ്യൂട്ടറുകളിൽ മാത്രമാണ് ഇൻറർനെറ്റുള്ളത്. നൂറിലേറെ മാധ്യമ പ്രവർത്തകരിൽ ഓരോരുത്തർക്കും 15 മിനിറ്റ് ഇതുപയോഗിക്കാം. അയക്കുന്ന ഓരോ വാക്കും കടുത്ത നിരീക്ഷണത്തിലാണ്. മൊബൈൽ ഫോണുകളിൽ മാധ്യമ പ്രവർത്തകർ വിളിക്കുന്ന കാളുകളുടെ നമ്പറും വിശദാംശങ്ങളും രേഖപ്പെടുത്തുന്നുണ്ട്. കർശനമായ ആറു നിബന്ധനകൾ പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് ഈ കമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നത്. ഇൻറർനെറ്റ് മൗലികാവകാശമാണെന്ന് കോടതി വിധികളുള്ള നാട്ടിലാണ് അഞ്ച് മാസമായി ഒരു ജനതമുഴുവൻ വാർത്തവിനിമയ ബന്ധങ്ങളില്ലാതെ കഴിയുന്നത്.
ഇൻറർനെറ്റില്ലാതെ എന്തു മാധ്യമ പ്രവർത്തനമാണ് സാധ്യമാവുക? വെബ് പോർട്ടലുകളെല്ലാം പ്രവർത്തനം നിർത്തി. അച്ചടിക്കുന്ന പത്രങ്ങൾതന്നെ സർക്കാർ അറിയിപ്പുകളും ടി.വിയിൽനിന്ന് കിട്ടുന്ന വിവരങ്ങളുമൊക്കെ ചേർത്ത് എഡിറ്റോറിയലുകളൊന്നുമില്ലാതെയാണ് പുറത്തിറങ്ങുന്നത്. പ്രതിഷേധം ഭയന്ന് യുവാക്കളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നത് വ്യാപകമാണ്. മൂന്നു മുഖ്യമന്ത്രിമാരും പ്രമുഖ അഭിഭാഷകരും സമൂഹത്തിെൻറ ഉന്നത ശ്രേണിയിലുള്ളവരെല്ലാം തടവിലാണ്. എങ്ങും ഭീതിയുടെ അന്തരീക്ഷമാണ്-അനുരാധ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.