കശ്മീർ റിക്രൂട്ട്മെന്റ് കേസ്: അപ്പീൽ ഹൈകോടതിയിൽ അപൂർവ സാക്ഷിവിസ്താരം; തെളിവെടുപ്പ്
text_fieldsകൊച്ചി: കശ്മീർ റിക്രൂട്ട്മെന്റ് കേസിലെ അപ്പീൽ ഹരജികളിൽ അപൂർവ സാക്ഷിവിസ്താരവും തെളിവെടുപ്പും നടത്തി ഹൈകോടതി. ജമ്മു-കശ്മീരിലെ ബി.എസ്.എൻ.എൽ നമ്പറിൽനിന്ന് കേരളത്തിലേക്ക് പ്രതികൾ ബന്ധപ്പെട്ടിരുന്നെന്ന ആരോപണത്തിൽ വ്യക്തത വരുത്താൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ സാക്ഷിയാക്കി വിസ്തരിക്കുകയായിരുന്നു. കേസിൽ എൻ.ഐ.എ കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതികളും ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) നൽകിയ അപ്പീലുകളാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വാദം പൂർത്തിയായതോടെ അപ്പീലുകൾ വിധി പറയാൻ മാറ്റി.
പ്രധാന പ്രതികളായ തടിയന്റവിട നസീർ, സർഫറസ് നവാസ്, സാബിർ പി. ബുഹാരി, അബ്ദുല്‍ ജലീല്‍, അബ്ദുൽ ജബ്ബാർ എന്നിവരടക്കം ശിക്ഷിക്കപ്പെട്ട 13 പ്രതികളും അപ്പീൽ നൽകിയിട്ടുണ്ട്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ചുമത്തിയ ചില കുറ്റങ്ങൾ വിചാരണക്കോടതി ഒഴിവാക്കിയതിനെതിരെയാണ് എൻ.ഐ.എയുടെ അപ്പീൽ. കേരളത്തിനകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ മതപഠന (ത്വരീഖത്) ക്ലാസുകളെന്ന വ്യാജേന ഗൂഢാലോചന നടത്തി യുവാക്കളെ തെരഞ്ഞെടുത്ത് പരിശീലനം നൽകി കശ്മീരിൽ സൈന്യത്തെ നേരിടാൻ നിയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഇരട്ട ജീവപര്യന്തം, ജീവപര്യന്തം കഠിന തടവാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
24 പ്രതികളുണ്ടായിരുന്ന കേസിൽ നാലുപേർ കശ്മീരിൽ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രണ്ടുപേർ ഒളിവിലാണ്. ശേഷിച്ച 18 പ്രതികളിൽ അഞ്ചുപേരെ വിചാരണക്കോടതി കുറ്റമുക്തരാക്കി. വിചാരണ നേരിട്ട 13 പ്രതികളും ശിക്ഷിക്കപ്പെട്ടു. കൊല്ലപ്പെട്ട നാലുപ്രതികൾ ബി.എസ്.എൻ.എൽ നമ്പറിൽനിന്ന് കേരളത്തിലെ മറ്റുപ്രതികളുമായി ബന്ധപ്പെട്ടിരുന്നെന്ന എൻ.ഐ.എ കണ്ടെത്തലിനെത്തുടർന്ന് ഈ നമ്പറുകളിലേക്ക് വിളിച്ചതിന്റെ രേഖകൾ വിചാരണക്കോടതിയിൽ എൻ.ഐ.എ ഹാജരാക്കിയിരുന്നു.
എന്നാൽ, തെളിവുനിയമപ്രകാരം ബി.എസ്.എൻ.എൽ അധികൃതർ ഇത് സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകർ തർക്കമുന്നയിച്ചു. ഇതിൽ വ്യക്തത വരുത്താൻ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനെ സാക്ഷിയായി വിസ്തരിക്കാൻ എൻ.ഐ.എക്കുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ അനുമതി തേടി. ഇത് അനുവദിച്ച കോടതി, കശ്മീർ ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥന്റെ മൊഴി രേഖപ്പെടുത്തുകയും അധിക തെളിവായി പരിഗണിക്കുകയുമായിരുന്നു. അപലേറ്റ് കോടതി എന്ന നിലയിൽ നേരിട്ട് സാക്ഷിവിസ്താരവും തെളിവെടുപ്പും ഹൈകോടതിയിൽ അപൂർവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.