'ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു'; കാസിം ഇരിക്കൂറിനെതിരെ നേതാക്കൾ പരസ്യമായി രംഗത്ത്
text_fieldsകൊച്ചി: ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ പരസ്യ പ്രതികരണവുമായി നേതാക്കൾ രംഗത്ത്. ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ജനറൽ സെക്രട്ടറി ശ്രമിക്കുന്നതായി സംസ്ഥാന അധ്യക്ഷൻ എ.പി. അബ്ദുൽ വഹാബ് ആരോപിച്ചു. അവാസ്തവമായ കാര്യങ്ങളാണ് കാസിം ഇരിക്കൂർ യോഗത്തിൽ പറഞ്ഞതെന്നും വഹാബ് വ്യക്തമാക്കി.
രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെ പുറത്താക്കിയതായി ജനറൽ സെക്രട്ടറി മിനുട്സിൽ എഴുതിച്ചേർത്തു. ഒ.പി.ഐ കോയ, പോക്കർ മാസ്റ്റർ അടക്കമുള്ള സെക്രട്ടറിയേറ്റ് അംഗങ്ങളെ കാസിം അപമാനിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളോട് ഏത് പാർട്ടിക്കാരനാണെന്നും നിങ്ങൾ പാർട്ടിയെ പൊളിക്കാൻ വന്നവരാണെന്നും ആണ് ജനറൽ സെക്രട്ടറി പറഞ്ഞതെന്നും വഹാബ് പറഞ്ഞു.
വിഷയത്തിൽ അനന്തര നടപടി ആലോചിക്കാൻ സംസ്ഥാന കൗൺസിൽ ഒരാഴ്ചക്കകം വിളിച്ചു ചേർക്കുമെന്നും അബ്ദുൽ വഹാബ് മാധ്യമങ്ങളെ അറിയിച്ചു.
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എടുക്കുന്ന ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങളാണ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്ന് ഐ.എൻ.എൽ സംസ്ഥാന ഉപാധ്യക്ഷൻ എച്ച്. മുഹമ്മദലി പറഞ്ഞു. വ്യക്തിയുടെ തീരുമാനങ്ങളാണ് പാർട്ടിയിൽ നടപ്പാക്കുന്നത്. താൻ പറയുന്നതാണ് തീരുമാനമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കിയത്.
പാർട്ടിയുടെ കമ്മിറ്റി തീരുമാനങ്ങൾ എടുക്കണമെന്നാണ് യോഗത്തിൽ ആവശ്യപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ നിലപാട് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.