ഉടായിപ്പ് രാഷ്ട്രീയം വിലപ്പോവില്ല –കാസിം ഇരിക്കൂര്‍
text_fieldsകോഴിക്കോട്: ഗുരുതര അച്ചടക്ക ലംഘനം നടത്തുകയും ദേശീയ നേതൃത്വത്തെ തള്ളിപ്പറയുകയും ചെയ്ത ഐ.എന്‍.എല്‍ മുൻ പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിന്റെയും കൂട്ടാളികളുടെയും ഉടായിപ്പ് രാഷ്ട്രീയം വിലപ്പോവില്ലെന്ന് പാര്‍ട്ടി അഡ്ഹോക് കമ്മിറ്റി അംഗം കാസിം ഇരിക്കൂര്‍ പ്രസ്താവനയിൽ പറഞ്ഞു.
ദേശീയനേതൃത്വം പിരിച്ചുവിട്ട സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന പേരില്‍ പാര്‍ട്ടിയില്‍നിന്ന് പുറന്തള്ളിയവരെ പങ്കെടുപ്പിച്ച് തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് പറയാന്‍ കാണിച്ച തൊലിക്കട്ടി അപാരമാണ്. വോട്ടവകാശമുള്ള 20 സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ 13പേരും ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. വോട്ടവകാശമില്ലാത്ത രണ്ടു പ്രത്യേക ക്ഷണിതാക്കളെ ഉൾപ്പെടുത്തി എണ്ണം തികയ്ക്കാന്‍ നടത്തിയ ശ്രമം പരിഹാസ്യമാണ്. ജൂലൈ 25ന് എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത വയോധികരായ നേതാക്കളെ തല്ലാനും കൊല്ലാനും പ്രഫഷനല്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്കിയവരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ന്നുവെന്ന് പറഞ്ഞ് കണ്ണീര് വാര്ക്കുന്നതെന്നും കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി.
മന്ത്രിയെ പിൻവലിക്കാൻ ആവശ്യപ്പെടില്ല –എ.പി. അബ്ദുൽ വഹാബ്
കോഴിക്കോട്: പാർട്ടിയിലെ ഭിന്നതയുടെ പേരിൽ മന്ത്രിയെ പിൻവലിക്കാൻ തങ്ങൾ ആവശ്യപ്പെടില്ലെന്ന് ഐ.എൻ.എൽ വഹാബ് വിഭാഗം. മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫ് നേതൃത്വമാണ്. തങ്ങൾക്ക് അധികാരമല്ല പ്രധാനം. ആഭ്യന്തരപ്രശ്നങ്ങൾ മൂലം നഷ്ടപ്പെട്ട പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനാണ് മുഖ്യപരിഗണന. അതേസമയം, അധികാരം പ്രവർത്തകർക്കെതിരെ ഉപയോഗിച്ചാൽ നേരിടുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സെക്രട്ടേറിയറ്റിലുള്ള 22 പേരിൽ 12 പേരും വ്യാഴാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തതായി വഹാബ് പറഞ്ഞു. സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദലി, പോക്കർ മാസ്റ്റർ, ഒ.പി.ഐ. കോയ, സി.പി. നാസർകോയ തങ്ങൾ, എ.പി. അബ്ദുൽ വഹാബ്, എം.എ. വഹാബ് ഹാജി, എൻ.കെ. അബ്ദുൽ അസീസ്, എംകോം നജീബ്, അഡ്വ. മനോജ് സി. നായർ, കോതൂർ മുഹമ്മദ്, ബഷീർ ബടേരി എന്നിവരാണ് പങ്കെടുത്തത്. പാർട്ടിയിൽ നേരത്തേ ഉണ്ടായ എല്ലാ അച്ചടക്ക നടപടികളും പിൻവലിക്കാൻ തീരുമാനിച്ചു. ദേശീയ കമ്മിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസിനെ അവജ്ഞയോടെ തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുടെ അംഗത്വ കാമ്പയിന് വെള്ളിയാഴ്ച തുടക്കമാകും. മാർച്ച് 25ന് മുമ്പ് സംസ്ഥാന കമ്മിറ്റിയടക്കം നിലവിൽവരും. മാർച്ച് 27ന് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട് നടക്കും. ഇബ്രാഹീം സുലൈമാൻ സേട്ടിന്റെ പേരിൽ മതനിരപേക്ഷതക്ക് സംഭാവനയർപ്പിച്ച വ്യക്തിക്ക് പുരസ്കാരം നൽകുമെന്നും വഹാബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.