ഇ.എസ്.എ: പാറ ക്വാറി പ്രവർത്തനം നിലക്കും
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ) സംബന്ധിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ വിജ്ഞാപനം പുറത്തുവ ന്നതോടെ സംസ്ഥാനത്തെ നിരവധി പാറക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കേണ്ടിവരും. ഇ.എസ്.എയിൽ ഉൾപ്പെടുത്തിയ 886.7 ചതുരശ്ര കിലോമീറ്ററും പാറക്കെട്ടുകൾ ഉൾപ്പെടുന്ന റ വന്യൂ ഭൂമിയുമാണ്. ഇ.എസ്.എ മാനദണ്ഡമനുസരിച്ച് ഇൗ പ്രദേശത്ത് ഒരുതരത്തിലുള്ള ഖനനവും അനുവദിക്കില്ല. ഇ.എസ്.എയുടെ സർവേ നമ്പറുകൾ അടങ്ങുന്ന പട്ടിക പുറത്തിറക്കേണ്ടിവരും.
കോട്ടയം ജില്ലയിലെ നാലും ഇടുക്കി തങ്കമണി, വയനാട് പൊഴുതാന, തൃശൂർ പരിയാരം വില്ലേജുകളെയും ഇ.എസ്.എയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഇൗ വില്ലേജുകളിലൊന്നും വനമില്ലെന്നും പാറക്കെട്ടുകൾ കൃഷിഭൂമിയും ജനവാസമുള്ളതുമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഡോ.മാധവ് ഗാഡ്ഗിൽ സമിതിയുടെ ശിപാർശക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് നിയോഗിച്ച കസ്തൂരി രംഗൻ സമിതി 13,108 ചതുരശ്ര കിലോമീറ്ററാണ് ഇ.എസ്.എയായി നിർദേശിച്ചത്. പിന്നീട് സംസ്ഥാന സർക്കാർ നിയോഗിച്ച ഡോ.ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയാണ് ജനവാസ, കാർഷിക, തോട്ടം മേഖലകളെ ഇ.എസ്.എയിൽനിന്ന് ഒഴിവാക്കണമെന്ന് റിപ്പോർട്ട് നൽകിയത്. 9,107 ചതരുശ്ര കിലോമീറ്റർ സംരക്ഷിത വനമേഖലയും ജനവാസമില്ലാത്ത വനത്തിന് പുറത്തുള്ള 886.7 ചതുരശ്ര കിലോമീറ്ററും ഇ.എസ്.എക്കായി ശിപാർശചെയ്തു. സംസ്ഥാനത്തെ ക്വാറികളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് ഇ.എസ്.എ വില്ലേജുകളിലെ സർക്കാർ ഭൂമിയിലാണ്. ഭൂമി പാട്ടത്തിനെടുക്കുന്നതിന് പുറമെ സ്വകാര്യ പാറക്കെട്ടുകളിലും ക്വാറികൾ പ്രവർത്തിക്കുന്നു.
പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി, കൃഷി, റവന്യൂ, വനംവകുപ്പ് ജീവനക്കാർ എന്നിവരടങ്ങുന്ന സമിതികൾ 123 വില്ലേജുകളിലെയും ഇ.എസ്.എ പ്രദേശങ്ങൾ പരിശോധിച്ച് തയാറാക്കിയ കഡസ്ട്രൽ മാപ്പിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ അന്ന് കേന്ദ്രത്തിന് നിവേദനം നൽകിയത്. ഇ.എസ്.എയിൽ ഉൾപ്പെടുന്ന പ്രദേശത്തെ കൃഷിഭൂമി, ജനവാസ കേന്ദ്രം, തോട്ടങ്ങൾ, പാറക്കെട്ടുകൾ, റവന്യൂ ഭൂമി, ജലാശയം എന്നിവ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. 123 വില്ലേജുകളിലെയും മാപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു. അന്നുമുതൽ കേന്ദ്രം പുറത്തിറക്കിയിരുന്ന പശ്ചിമഘട്ട വിജ്ഞാപനങ്ങളിൽ ഇക്കാര്യം പറയുന്നുവെങ്കിലും ഇതംഗീകരിച്ചത് ഇപ്പോഴാണ്.
ഇതിനിടെ, ഇൗ 886.7 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയിൽനിന്ന് ഒഴിവാക്കിയെടുക്കാനും സംസ്ഥാന സർക്കാർ ശ്രമം നടത്തി. 2015 ജൂലൈയിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് വിളിച്ച യോഗത്തിൽ സംബന്ധിച്ച അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ഇൗ ആവശ്യം ഉന്നയിച്ചു. ഇതിന് കാരണമായി പറഞ്ഞതും ക്വാറികളാണ്. 20-30 വർഷമായി പ്രവർത്തിക്കുന്ന പാറക്വാറികൾ പൂേട്ടണ്ടിവരുമെന്നാണ് പറഞ്ഞത്. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചത്.
2017 മേയ് മൂന്നിനയച്ച കത്തിൽ ആവശ്യപ്പെട്ടത് സംരക്ഷിത വനമേഖല മാത്രമായി ഇ.എസ്.എ പുനർനിർണയിക്കണമെന്നാണ്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നിന് കേന്ദ്രം വിളിച്ച പശ്ചിമഘട്ട സംരക്ഷണ അവലോകനയോഗത്തിലും കേരളം ആവശ്യം ഉന്നയിച്ചു. 2018 ഏപ്രിൽ 11ന് ചേർന്ന യോഗത്തിലും ഇൗ ആവശ്യം ഉന്നയിച്ചിരുന്നു. പുതുക്കിയ മാപ്പും സർവേയും സമർപ്പിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.