കസ്തൂരിരംഗന്‍: ഇടുക്കിയില്‍ വീണ്ടും സമരകാഹളം
text_fieldsതൊടുപുഴ: ജില്ലയില്‍ ഏറ്റവും കൂടുതല്‍ തെരുവോര സമരങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും ഇടയാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഇടുക്കിയില്‍ വീണ്ടും സമരകാഹളം മുഴങ്ങുന്നു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോല മേഖലയില്‍ നിന്നൊഴിവാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് പത്തിനും 2015 സെപ്റ്റംബര്‍ നാലിനും ഇറക്കിയ കരട് വിജ്ഞാപനങ്ങള്‍ക്കനുസൃതമായി സമയപരിധിയായ മാര്‍ച്ച് നാലിനകം അന്തിമ വിജ്ഞാപനം ഉണ്ടാകില്ളെന്ന് കേന്ദ്രം വ്യക്തമാക്കിയതാണ് മലയോരത്തെ വീണ്ടും സമരഭൂമിയാക്കാന്‍ ഒരുങ്ങുന്നത്.
മാര്‍ച്ച് നാലിനകം അന്തിമ വിജ്ഞാപനം ഇറക്കിയില്ളെങ്കില്‍ ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫും കേരള കോണ്‍ഗ്രസ് എമ്മും പ്രഖ്യാപിച്ചുകഴിഞ്ഞു. പതിവിന് വിപരീതമായി ഇത്തവണ സമരം ഡല്‍ഹിയിലേക്കുകൂടി വ്യാപിപ്പിക്കാനാണ് യു.ഡി.എഫ് കക്ഷികളുടെ തീരുമാനം. അന്തിമവിജ്ഞാപനം പുറത്തിറക്കി വിഷയം ശാശ്വതമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് മൂന്നിന് ജനപ്രതിനിധികളെയും കര്‍ഷകരെയും സംഘടിപ്പിച്ച് ന്യൂഡല്‍ഹിയില്‍ ധര്‍ണ നടത്തുമെന്ന് ആന്‍േറാ ആന്‍റണി എം.പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് മാര്‍ച്ച് രണ്ടിന് കേന്ദ്ര സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിന് കര്‍ഷകമാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാറും അറിയിച്ചു. ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക.
റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകുമെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേയുടെ നിലപാട് സംശയാസ്പദമാണെന്ന് ഇബ്രാഹീംകുട്ടി പറഞ്ഞു.
പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നാണ് ഹൈറേഞ്ച് സംരക്ഷണസമിതിയുടെ മുന്നറിയിപ്പ്. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് ഉണ്ടായില്ളെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മടിക്കില്ളെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ജോയ്സ് ജോര്‍ജിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് യു.ഡി.എഫിന്‍െറയും കേരള കോണ്‍ഗ്രസിന്‍െറയും നീക്കം. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ദോഷകരമല്ളെന്ന് വാദിച്ചവരാണ് ഇപ്പോള്‍ പ്രക്ഷോഭത്തിന് ഇറങ്ങുന്നതെന്നാണ് എം.പിയുടെ മറുപടി. മാര്‍ച്ച് നാലിനുള്ളില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചില്ളെങ്കില്‍ യു.ഡി.എഫ് ഇടുക്കി ജില്ല ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അന്ന് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ ടി.എം. സലീമും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.