എച്ച്.എസ്.എസ് അധ്യാപക സ്ഥലംമാറ്റം റദ്ദാക്കൽ: കെ.എ.ടി ഉത്തരവ് പ്രാബല്യത്തിലായ സ്ഥലം മാറ്റങ്ങൾക്ക് തൽക്കാലം ബാധകമല്ല -ഹൈകോടതി
text_fieldsകൊച്ചി: ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെ.എ.ടി) പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്ന സ്ഥലംമാറ്റങ്ങൾക്ക് തൽക്കാലം ബാധകമല്ലെന്ന് ഹൈകോടതി. ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് ആലപ്പുഴ ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ജി.വി. പ്രീതി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹരജി വീണ്ടും പരിഗണിക്കുന്ന ജൂൺ മൂന്ന് വരെ കെ.എ.ടി ഉത്തരവ് ബാധകമാകില്ലെന്നാണ് വ്യക്തമാക്കിയത്.
കെ.എ.ടിയിൽ ഹരജി നൽകിയ 130ഓളം അധ്യാപകർക്ക് സ്പീഡ് പോസ്റ്റ് മുഖേനയോ മറ്റ് സംവിധാനം വഴിയോ നോട്ടീസ് അയക്കാൻ ഉത്തരവായ ഡിവിഷൻ ബെഞ്ച്, ഇതിന്റെ രസീത് ഹാജരാക്കി ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്
നാല് വിഭാഗങ്ങളിലായി അധ്യാപകരെ സ്ഥലംമാറ്റി 2024 ഫെബ്രുവരി 12നാണ് സർക്കാർ ഉത്തരവിട്ടത്. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം അധ്യാപകർ നൽകിയ ഹരജിയിൽ ഹോം സ്റ്റേഷൻ, അദേഴ്സ് സ്ഥലംമാറ്റ പട്ടികകൾ കെ.എ.ടി റദ്ദാക്കുകയായിരുന്നു. ഒരു മാസത്തിനകം പട്ടിക പുതുക്കി കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കേട്ട് ജൂൺ ഒന്നിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടു. മാതൃജില്ലക്ക് പുറത്തുള്ള സർവിസിലെ സീനിയോറിറ്റി മാതൃജില്ലയിലേക്ക് സ്ഥലംമാറ്റത്തിന് മാത്രമേ പരിഗണിക്കാവൂവെന്നാണ് സർക്കാർ മാനദണ്ഡം. എന്നാൽ, ഈ സീനിയോറിറ്റി പരിസര ജില്ലകളിലേക്കും പരിഗണിക്കണമെന്ന ഹരജിക്കാരുടെ ആവശ്യവും കൂടി പരിഗണിച്ചാണ് കെ.എ.ടി ഉത്തരവ് പുറപ്പെടുവിച്ചത്.
കെ.എ.ടി നടപടി തടയണമെന്നും നിലവിലെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജിക്കാരി കോടതിയെ സമീപിച്ചത്. ഉത്തരവ് പ്രകാരം പലരും മാറി പുതിയ സ്ഥലത്ത് ചുമതലയേറ്റതായും ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.