കഥകളി അചാര്യൻ മാത്തൂർ ഗോവിന്ദൻ കുട്ടി അന്തരിച്ചു
text_fieldsകോട്ടയം: കഥകളി ആചാര്യനും അരങ്ങിലെ സ്ത്രീവേഷ സാന്നിധ്യവുമായിരുന്ന മാത്തൂർ ഗോവിന്ദൻകുട്ടി (81) നിര്യാതനായി. കോവിഡനന്തര ആരോഗ്യപ്രശ്നങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, വ്യാഴാഴ്ച ഉച്ചക്ക് 12.30നായിരുന്നു അന്ത്യം.
ജനുവരിയിൽ കോവിഡ് ചികിത്സയിലായിരുന്ന മാത്തൂർ പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു. പത്തുദിവസം മുമ്പ് ആരോഗ്യസ്ഥിതി മോശമാകുകയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാഴാഴ്ച വൈകീട്ട് ഇളയ മകനും കഥകളി നടനുമായ കുടമാളൂർ അമ്പാടിയിൽ മുരളീകൃഷ്ണെൻറ വീട്ടുവളപ്പിൽ സംസ്ഥാന സർക്കാറിെൻറ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ആറര പതിറ്റാണ്ടായി അരങ്ങിൽ സജീവമായിരുന്നു അദ്ദേഹം രണ്ടാഴ്ച മുമ്പ് കൊല്ലത്ത് ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചിരുന്നു. നാരായണ ഗോവിന്ദൻ കുഞ്ഞുപണിക്കർ എന്ന മാത്തൂർ ഗോവിന്ദൻകുട്ടി ആലപ്പുഴ നെടുമുടി മാത്തൂർ തറവാട്ടിൽ 1940 ഒക്ടോബർ അഞ്ചിനാണ് ജനിച്ചത്. പതിനേഴാമത്തെ വയസ്സിൽ നെടുമുടി മാത്തൂർ കളരിയിൽ അരങ്ങേറ്റംകുറിച്ച ഗോവിന്ദൻകുട്ടിക്ക് പിന്നീട് അരങ്ങായിരുന്നു വീട്. അരങ്ങിൽ ഏതുവേഷവും അണിഞ്ഞിരുന്ന മാത്തൂരിെൻറ സ്ത്രീവേഷങ്ങൾക്കായിരുന്നു ആരാധകർ ഏറെ. നളചരിതത്തിലെ ദമയന്തി, ദുര്യോധന വധത്തിലെ പാഞ്ചാലി, കർണശപഥത്തിലെ കുന്തി തുടങ്ങിയ വേഷങ്ങളിലൂടെ പ്രശസ്തനായ മാത്തൂർ, വേഷപ്പകര്ച്ചയിലൂടെ ആരാധകരെ വിസ്മയിപ്പിക്കുകയും ചെയ്തു. കുചേലവൃത്തത്തിലെ കുചേലനായും ദുര്യോധന വധത്തിലെ കൃഷ്ണനായും ബാലിവധത്തിലെ നാരദനായും അരങ്ങിലെത്തിയപ്പോഴും നിറഞ്ഞവരവേൽപാണ് കഥകളിപ്രേമികൾ നൽകിയത്.
അരങ്ങിൽനിന്ന് അരങ്ങിലേക്ക് ഇടവേളയില്ലാത്ത സഞ്ചാരത്തിനിടെ നിരവധി പുരസ്കാരങ്ങളും മാത്തൂരിെന തേടിയെത്തി. കേന്ദ്ര-സംസ്ഥാന സംഗീതനാടക അക്കാദമി അവാർഡുകൾ, കേന്ദ്രസാംസ്കാരിക വകുപ്പിെൻറ സീനിയർ ഫെലോഷിപ്, സംസ്ഥാന കഥകളി പുരസ്കാരം, കേരള കലാമണ്ഡലം ഫെലോഷിപ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയവ ഇതിൽപെടുന്നു. 1982ൽ ഏഷ്യാഡ് ഉദ്ഘാടനച്ചടങ്ങിൽ കഥകളി അവതരിപ്പിച്ച അദ്ദേഹം ഇറ്റലി, ജർമനി, ഫ്രാൻസ്, ലണ്ടൻ എന്നീ രാജ്യങ്ങളിലും വേദിയിലെത്തി. കേരള സംഗീതനാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള കലാമണ്ഡലം എക്സിക്യൂട്ടിവ് അംഗം, കഥകളി പരിശീലന കേന്ദ്രമായ കുടമാളൂർ കലാകേന്ദ്രം പ്രിൻസിപ്പൽ, മാത്തൂർ ഭഗവതി ക്ഷേത്രം പ്രസിഡൻറ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പ്രശസ്ത കഥകളിനടൻ കുടമാളൂർ കരുണാകരൻ നായരുടെ മകൾ പരേതയായ രാജേശ്വരിയാണ് ഭാര്യ. വിവാഹത്തോടെ നെടുമുടിയിൽനിന്ന് കുടമാളൂർ അമ്പാടി വീട്ടിലേക്ക് അദ്ദേഹം താമസം മാറുകയായിരുന്നു. മറ്റൊരു മകൻ: ചെണ്ട വിദ്വാൻ ഗോപീകൃഷ്ണൻ. മരുമക്കൾ: രാജലക്ഷ്മി, മഞ്ജുഷ മുരളീകൃഷ്ണൻ (അസി.മാനേജർ, ബാങ്ക് ഒാഫ് ബറോഡ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.