കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: ആർ.എസ്.എസ് നേതാവ് കതിരൂർ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനടക്കം 15 പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.ആറു വർഷത്തോളമായി ജയിലിൽ കഴിയുകയാെണന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അശോക് മേനോൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ ഇവർക്ക് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് കരുതാമെങ്കിലും വിചാരണ കൂടാതെ ഇനിയും തടവിൽ പാർപ്പിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
വിക്രമന് പുറമെ മറ്റ് പ്രതികളായ സി.പി ജിജേഷ്, ടി. പ്രഭാകരൻ, ഷിബിൻ, പി. സുജിത്, വിനോദ്, റിജു, സിനിൽ, ബിജേഷ്, വിജേഷ് (മുത്തു), വിജേഷ് (ജോർജുകുട്ടി), മനോജ്, ഷാബിത്, നിജിത്, പി.പി. റഹീം എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മനോജ് 2014 സെപ്റ്റംബർ ഒന്നിനാണ് കൊല്ലപ്പെടുന്നത്. വാഹനത്തിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജയരാജനടക്കം ആകെ 25 പ്രതികളാണുള്ളത്. മറ്റ് പ്രതികൾക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
യു.എ.പി.എ അടക്കം വകുപ്പുകൾ ചുമത്തിയ കേസിൽ സി.ബി.ഐയാണ് അന്വേഷിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. യു.എ.പി.എ ചുമത്തിയതടക്കം ചോദ്യം ചെയ്യുന്ന ഹരജികൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ എറണാകുളം സി.ബി.ഐ കോടതിയിൽ നടക്കേണ്ട വിചാരണ നടപടികൾ നീളുകയാണ്. വിക്രമനുൾപ്പെടെ 19 പ്രതികൾക്കെതിരെയാണ് ആദ്യം കുറ്റപത്രം നൽകിയത്.
ജയരാജനടക്കം പ്രതികൾക്കെതിരെ യു.എ.പി.എ നിലനിൽക്കുമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.