കാതോലിക്ക ബാവയുടെ ജീവചരിത്രത്തെച്ചൊല്ലി വിവാദം
text_fieldsകോലഞ്ചേരി: കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ജീവചരിത്രത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. ൈക്രസ്തവ സമൂഹത്തെക്കുറിച്ച് അബദ്ധങ്ങൾ പ്രചരിപ്പിക്കുന്ന ജീവചരിത്രം പിൻവലിക്കണമെന്ന ആവശ്യവുമായി യാക്കോബായ അൽമായഫോറം രംഗത്തുവന്നതിന് പിന്നാലെ പുസ്തകത്തിനെതിരെ മുളന്തുരുത്തി സ്വദേശി കെ.ടി. ചെറിയാൻ, ആരക്കുന്നം പള്ളി ഇടവകാംഗം വി.ജെ. പൗലോസ് എന്നിവർ നിയമനടപടികളും ആരംഭിച്ചിരിക്കുകയാണ്. ഇവർ ഗ്രന്ഥകർത്താവായ കോതമംഗലം സ്വദേശി ജോണി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസും അയച്ചു. ൈക്രസ്തവചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് ഇവരുടെ ആരോപണം.
ലോകത്ത് ൈക്രസ്തവ ദേവാലയങ്ങൾ നിർമിക്കപ്പെട്ടത് ക്രിസ്തുവർഷം 300നുശേഷമാണെന്നിരിക്കെ ക്രിസ്തുവർഷം 57ൽ പിറവം പള്ളിയിൽ കാതോലിക്ക ബാവയുടെ പൂർവികർക്ക് തോമശ്ലീഹ പട്ടം കൊടുത്തെന്നാണ് പുസ്തകം പറയുന്നത്. ബാവയുടെ പൂർവികർ ഉത്തരേന്ത്യയിലെ ആഢ്യബ്രാഹ്മണരാണെന്നും പുസ്തകത്തിലുണ്ട്. 57മുതൽ 1885 വരെ ബാവയുടെ പൂർവികരായ 41 വൈദികരുടെ പേര് വിവിധ പള്ളികളിൽ സേവനം ചെയ്തവരെന്ന പേരിൽ കൊടുത്തിട്ടുണ്ട്.
പള്ളിക്കാർക്കുപോലും അറിയാത്ത ഇക്കാര്യം എങ്ങനെയാണ് ജീവചരിത്രത്തിൽ വന്നതെന്നാണ് പരാതിക്കാരുടെ ചോദ്യം. അപ്പോസ്തലിക സഭകൾ അംഗീകരിക്കാത്ത കെ.പി. യോഹന്നാനെ മഹത്ത്വവത്കരിക്കാനും യാക്കോബായ സഭയുമായി കൂട്ടിക്കെട്ടാനുമുള്ള രഹസ്യ അജണ്ടയാണ് പുസ്തകത്തിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. സഭക്ക് ഇന്ത്യയിൽ സ്ഥലമോ സ്ഥാപനമോ ഇല്ലെന്ന് സഭനേതൃത്വംതന്നെ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കെ കാതോലിക്ക ബാവ ഡെൻറൽ, മെഡിക്കൽ കോളജുകളും അനാഥാലയങ്ങളും ഉണ്ടാക്കി എന്നുപറയുന്നത് സത്യവിരുദ്ധമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിയമനടപടികൾ പുരോഗമിക്കുന്നത്. നിയമനടപടികൾക്ക് പിന്തുണ നൽകാൻ അൽമായഫോറവും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.