കട്ജുവിന്റെ ഇടപെടൽ; മലപ്പുറത്തെ പ്ലസ് വൺ സീറ്റ് വിഷയം ദേശീയശ്രദ്ധയിൽ
text_fieldsമലപ്പുറം: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മാർകണ്ഡേയ കട്ജു മലപ്പുറത്തു വന്ന് പ്ലസ് വൺ വിദ്യാർഥികളുടെ സീറ്റ് പ്രതിസന്ധി നേരിൽ മനസ്സിലാക്കിയതോടെ വിഷയം ദേശീയശ്രദ്ധ നേടി. സർക്കാർ പ്ലസ് വൺ വിദ്യാർഥികളുടെ പ്രശ്നം പരിഹരിക്കുന്നില്ലെന്ന വിമർശനം നിലനിൽക്കെയാണ് മലപ്പുറം മണ്ഡലത്തിലെ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കട്ജു സ്പീക്കറെ വേദിയിലിരുത്തി രോഷംകൊണ്ടത്.
രണ്ടു ദിവസത്തെ സന്ദർശനത്തിന് മലപ്പുറത്തെത്തിയ കട്ജു പങ്കെടുത്ത രണ്ട് പരിപാടികളിലും വിദ്യാർഥികൾ സദസ്സിലുണ്ടായിരുന്നു. പ്രസംഗത്തിന് വിദ്യാർഥികളുടെ കൈയടിയും ലഭിച്ചു. അതിന് ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ അദ്ദേഹം മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ച് അത് പരസ്യപ്പെടുത്തിയതോടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കയാണ്.
കാരവൻ ഉൾപ്പെടെ ദേശീയ ഓൺലൈൻ മാധ്യമങ്ങൾ ഇത് വാർത്തയാക്കി. 8.9 ലക്ഷം ഫോളോവേഴ്സുണ്ട് കട്ജുവിന്റെ ഫേസ്ബുക്ക് പേജിന്. വലിയ തോതിലുള്ള കമന്റുകൾ അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വരുന്നുണ്ട്. മലയാളികളുടെ അഭിനന്ദനപ്രവാഹവുമുണ്ട്. പ്ലസ് ടു രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് കഴിഞ്ഞ് 13,000 വിദ്യാർഥികൾ പുറത്തായ ദിവസമാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് മെയിൽ അയച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കേരളത്തിൽ വന്ന് സമരം ചെയ്യുമെന്ന് ആവർത്തിച്ച കട്ജു, പരിഹരിക്കാനാവില്ലെങ്കിൽ സർക്കാറിനോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരിക്കയാണ് കത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.