കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മർദനം: ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ചൊവ്വാഴ്ചയുണ്ടായത് ഗുരുതര വീഴ്ചയെന്ന് കെ.എസ്.ആർ.ടി.സി വിജിലൻസ് റിപ്പോർട്ട്. തികച്ചും സാങ്കേതികവും വേഗത്തിൽ പരിഹരിക്കാവുന്നതുമായ വിഷയം വഷളാക്കുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. കൺസഷൻ കൗണ്ടറിൽ പ്രശ്നവും തർക്കവുമുണ്ടായപ്പോൾ പരിഹരിക്കുന്നതിന് പകരം സംഘം ചേർന്ന് ജീവനക്കാർ മർദിക്കുകയായിരുന്നു.
വാക്കുതർക്കമുണ്ടായപ്പോൾ പൊലീസിനെ വിളിക്കാമായിരുന്നു. അത് ചെയ്തില്ല. വിദ്യാർഥി കൺസഷൻ പലപ്പോഴും തർക്കങ്ങൾക്കിടയാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രശ്നം സൗമ്യമായി പരിഹരിക്കണമെന്നാണ് ചീഫ് ഓഫിസ് നിർദേശം. ഇതെല്ലാം അവഗണിച്ചാണ് ജീവനക്കാർ പെരുമാറിയത്.
സ്ത്രീകൾക്കും കുട്ടികൾക്കും ഡിപ്പോകളിൽ സംരക്ഷണം ഉറപ്പാക്കണമെന്ന് നേരത്തേതന്നെ നിർദേശമുണ്ട്. രക്ഷാകർത്താവിനൊപ്പം പെൺകുട്ടി ഉണ്ടായിരുന്നിട്ടും പരിഗണിക്കാതെയായിരുന്നു ജീവനക്കാരുടെ പെരുമാറ്റം. ആരെയും ബലം പ്രയോഗിച്ച് തടഞ്ഞുവെക്കൽ ഡ്യൂട്ടിയുടെ ഭാഗമല്ലെന്നിരിക്കെ രക്ഷാകർത്താവിനെ മുറിക്കുള്ളിലേക്ക് തള്ളിക്കയറ്റി തടവിൽവെക്കാൻ ശ്രമിച്ചത് ഗുരുതര കൃത്യമാണ്. സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. സംഭവമുണ്ടായപ്പോൾതന്നെ ന്യായീകരണത്തിന് നിൽക്കാതെ യൂനിയനുകളെല്ലാം തള്ളിപ്പറഞ്ഞിരുന്നു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഗതാഗതമന്ത്രിയുടെ നിർദേശം. കുറ്റക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡിയും വ്യക്തമാക്കി.
കൺസഷൻ പുതുക്കുന്നതിന് ഓരോ മൂന്നുമാസം കൂടുമ്പോഴും കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നാണ് ഗതാഗതമന്ത്രി വ്യക്തമാക്കുന്നത്.
എന്നാൽ, ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ പുതുക്കാനാവില്ലെന്ന നിലപാടാണ് കാട്ടാക്കടയിലെ കൺസഷൻ കൗണ്ടർ ജീവനക്കാർ സ്വീകരിച്ചത്. ഫലത്തിൽ ചെറിയ കാരണങ്ങളുടെ പേരിൽ വട്ടംകറക്കാനുള്ള ശ്രമമാണ് കാട്ടാക്കടയിലുണ്ടായത്.
അതേസമയം, സംഭവ ദിവസം ചുമത്തിയിരുന്ന സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന ഏഴു വകുപ്പുകൾക്കു പുറമെ, സ്ത്രീത്വത്തെ അപമാനിച്ചെന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത 354 വകുപ്പ് ബുധനാഴ്ച ചുമത്തിയിട്ടുണ്ട്. പ്രതികളിലൊരാൾ സി.ഐ.ടി.യുവിന്‍റെയും മറ്റൊരാള്‍ ടി.ഡി.എഫിന്‍റെയും നേതാക്കളാണ്.
'കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പുണ്ടാക്കി'
കൊച്ചി: കാട്ടാക്കട ഡിപ്പോയിൽ പിതാവിനെ മകളുടെ മുന്നിലിട്ട് മർദിച്ച സംഭവം പൊതുജനമധ്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് അധികൃതർ ഹൈകോടതിയിൽ. കൺസഷൻ കാർഡ് പുതുക്കാൻ മതിയായ കോഴ്‌സ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊടുക്കാൻ ജീവനക്കാർ നടത്തിയ ശ്രമമാണ് ഒടുവിൽ തർക്കത്തിലും മർദനത്തിലും കലാശിച്ചതെന്നും കെ.എസ്.ആർ.ടി.സി എം.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നാല് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, സെക്യൂരിറ്റി ഗാർഡ് എസ്.ആർ. സുരേഷ് കുമാർ, ജൂനിയർ അസിസ്റ്റന്‍റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയാണ് സസ്പെൻഡ് ചെയ്തതത്.
ബിരുദ വിദ്യാർഥിനിയായ മകളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചൊവ്വാഴ്ച കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽ സ്വദേശി പ്രേമനനെയാണ് മർദിച്ചത്. മാധ്യമങ്ങളിൽനിന്ന് വാർത്തയറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൊവ്വാഴ്ചതന്നെ ഇടപെടുകയും ഹൈകോടതിയിലെ കെ.എസ്.ആർ.ടി.സി അഭിഭാഷകൻ മുഖേന വിശദീകരണം തേടുകയും ചെയ്തിരുന്നു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രേമനനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ കാട്ടാക്കട ഡിപ്പോയിലെത്തിയ ആര്യനാട് യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ് പ്രതികരിച്ചത് വാക്തർക്കത്തിലും മർദനത്തിലും അവസാനിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധവുമായെത്തിയ ഒരുകൂട്ടമാളുകൾ ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിന് കേടുപാട് വരുത്തി. കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.