കാട്ടാക്കട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സസ്പെന്റ് ചെയ്തു
text_fieldsതിരുവനന്തപുരം: കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.വി വിനോദിനെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്ത് ഉത്തരവ്. പുനലൂർ സബ് ആർ.ടി ഓഫീസിൽ വിനോദ് മോട്ടോർ വെഹിക്കിൾസ് ഇൻസെക്ടർ ആയിരിക്കെ ഗുരുതരമായ അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും വരുത്തിയെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിതിന്റെ ഉത്തരവിൽ പറയുന്നു.
പുനലൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ കാലാവധി തീർന്ന ലൈസൻസുകൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു. ഒരു വർഷത്തിനു മുമ്പ് കാലാവധി തീർന്ന ലൈസൻസുകൾ ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രമേ പുതുക്കാവു എന്ന നിയമം നിലനിലുണ്ട്.
2023 ജനുവരി ഒന്നു മുതൽ 2023 സെപ്തംബർ 30 വരെയുള്ള പുതുക്കിയ കാലാവധി തീർന്ന ലൈസൻസുകളുടെ ലിസ്റ്റ് പരിശോധിച്ചതിൽ 560 ലൈസൻസുകൾ പുതുക്കി നൽകിയതായി കണ്ടെത്തി. ഇത് സംബന്ധിച്ച അന്വേഷണത്തിൽ പുതുക്കി നൽകിയ ചില ലൈസൻസുകൾ പുനലൂർ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്നവയല്ലെന്നും കണ്ടെത്തി. ക്രമക്കേടിനു ഉത്തരവാദി പുനലൂർ സബ് ആർ.ടി ഓഫീസിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടറായിരുന്നവി.വി. വിനോദ് ആണെന്ന് പരിശോധനയിൽ ബോധ്യമായി.
നിലവിൽ വിനോദ് കാട്ടാക്കട സബ് ആർ ടി. ഓഫീസിൽ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ആണ്. വകുപ്പിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിനോദ് മോട്ടോർ വെഹിക്കിൾസ് ഇൻസെക്ടർ എന്ന നിലയിൽ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയത്. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും സംഭവിച്ചു. ഇത് വകുപ്പിന്റെ സൽപ്പേരിനും അന്തസിനും കളങ്കവും അവമതിപ്പും ഉണ്ടാക്കിയെന്നാണ് ഉത്തരവിൽ പറയുന്നത്.
ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. അന്യോഷണ ഉദ്യോഗസ്ഥൻ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.