കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ആള്‍മാറാട്ടം; സി.പി.എം അന്വേഷിക്കും
text_fieldsതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്.എഫ്.ഐ. ആൾമാറാട്ടം സി.പി.എം അന്വേഷിക്കും. ഡി.കെ മുരളി, എസ്. പുഷ്പലത എന്നിവരാണ് കേസ് അന്വേഷിക്കുക. സംഭവത്തിൽ സി.പി.എം നേതാക്കൾക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
തിരിമറിയിൽ തങ്ങൾക്ക് പങ്കില്ലെന്നുകാട്ടി എം.എൽ.എമാരായ ജി. സ്റ്റീഫനും ഐ.ബി. സതീഷും സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ല കമ്മിറ്റി യോഗത്തിൽ നേതാക്കൾ അറിയാതെ ഇത്രയും ഗുരുതരമായ തിരിമറി നടക്കില്ലെന്ന അഭിപ്രായമുയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് അരുവിക്കര എം.എൽ.എയായ ജി. സ്റ്റീഫനും കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷും നിരപരാധിത്വം വിശദീകരിച്ച് പാർട്ടി നേതൃത്വത്തെ സമീപിച്ചത്. തങ്ങൾക്ക് പങ്കില്ലെന്നും പാർട്ടി അന്വേഷണം നടത്തി വസ്തുത കണ്ടെത്തണമെന്നും ഇരുവരും കത്തിൽ ആവശ്യപ്പെട്ടു. കത്തിനു പിന്നാലെയാണ് സി.പി.എം കമീഷനെ നിയോഗിച്ചത്.
ആൾമാറാട്ടം പുറത്തുവന്നതിനു പിന്നാലെ, പാർട്ടി ജില്ല നേതൃത്വം അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ്, പ്രതിസ്ഥാനത്തുള്ള ഒന്നാം വർഷ ബി.എസ്സി വിദ്യാർഥി എ. വിശാഖിനെ പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്വത്തിൽനിന്നും എസ്.എഫ്.ഐ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്.
സർവകലാശാലക്ക് ചീത്തപ്പേരുണ്ടാക്കിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യാനും പ്രിൻസിപ്പലിനും വിദ്യാർഥിക്കുമെതിരെ പൊലീസിൽ പരാതി നൽകാനും കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ ക്രിസ്‌ത്യൻ കോളജ് നിയന്ത്രിക്കുന്ന സി.എസ്.ഐ സഭാ മാനേജ്മെന്റ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ആള്‍മാറാട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കോളജ് പ്രിൻസിപ്പൽ ജി.ജെ. ഷൈജുവാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ നേതാവ് എ.വിശാഖാണ് രണ്ടാം പ്രതി. കേരള സർവകലാശാല റജിസ്ട്രാർ നൽകിയ പരാതിയിലാണ് കാട്ടാക്കട പൊലീസിന്റെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.