കട്ടപ്പന ഇരട്ടക്കൊലപാതകം; നവജാത ശിശുവിന്റെ മൃതദേഹം കത്തിച്ചുകളഞ്ഞെന്ന് പ്രതി
text_fieldsകട്ടപ്പന: കട്ടപ്പനയിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കത്തിച്ചുകളഞ്ഞതായി കേസിലെ ഒന്നാം പ്രതി നിതീഷ് പൊലീസിനോട് പറഞ്ഞു. ഇരട്ടക്കൊലപാതക കേസിൽ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇങ്ങനെ പറഞ്ഞത്. എന്നാൽ, കേസിൽനിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ തന്ത്രമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. സത്യം കണ്ടെത്താൻ നിതീഷിനെ വീണ്ടും ചോദ്യം ചെയ്യും.
പ്രതിയുടെ പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇയാളെ ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് ഈ മാസം16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിയുടെ കസ്റ്റഡി നീട്ടിത്തരണമെന്ന പൊലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ശിശുവിനെ താനും കുട്ടിയുടെ അപ്പൂപ്പനായ വിജയനും (കൊല്ലപ്പെട്ടയാൾ) ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച് വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ടുവെന്നാണ് നിതീഷ് നൽകിയ മൊഴി. പിന്നീട് ഇയാൾ മൊഴി തിരുത്തി. തുടർച്ചയായി മൊഴിമാറ്റി കേസിൽനിന്ന് രക്ഷപ്പെടാനാണ് പ്രതി ശ്രമിക്കുന്നതെന്ന് പൊലീസ് പറയുന്നു.
ഇടക്ക്, ആരോഗ്യ പ്രശ്നമുണ്ടെന്നും ഡോക്ടറെ കാണണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേതുടർന്ന് ചൊവ്വാഴ്ച രാത്രി പൊലീസ് ഇയാളെ വൈദ്യപരിശോധനക്ക് കൊണ്ടുപോയി.
നിതീഷിനൊപ്പം കട്ടപ്പന വർക്ഷോപ്പിൽ മോഷണശ്രമം നടത്തവെ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടാം പ്രതി വിഷ്ണു ആശുപത്രി വിട്ടതിനാൽ ഇയാളെ പീരുമേട് സബ് ജയിലിലേക്ക് മാറ്റിയിരുന്നു. വിഷ്ണുവിനെയും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം ബുധനാഴ്ച കട്ടപ്പന കോടതിയിൽ അപേക്ഷ നൽകി. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. വിജയനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭാര്യ സുമയെയും അറസ്റ്റ് ചെയ്ത് ഇവരുടെ സാന്നിധ്യത്തിൽ നിതീഷിനെ ചോദ്യം ചെയ്ത് കുട്ടിയുടെ മൃതദേഹാവശിഷ്ടം എവിടെയാണെന്ന് സ്ഥിരീകരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇതിനിടെ, തുടരന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിൽ 10 അംഗ പ്രത്യേകസംഘത്തെ നിയമിച്ചതായി എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ അറിയിച്ചു. അതിനിടെ, നിതീഷിനുവേണ്ടി അഡ്വ. പി.എ. വിൽസൺ മുഖേന കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇതിൽ വ്യാഴാഴ്ച വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.