ഇടുക്കിയിൽ വയോധികനെയും പേരക്കുട്ടിയെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ആഭിചാരക്രിയ നടത്തിയതെന്ന് സൂചന
text_fieldsകട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. മോഷണക്കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിൽ ആഭിചാര കർമങ്ങളടക്കം നടന്നതായും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ പിടിയിലായ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സഹായി പുത്തൻപുരക്കൽ രാജേഷ് എന്ന നിതീഷ് (31) എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്റെ പിതാവിനെ എട്ടുമാസം മുമ്പും സഹോദരിയുടെ നവജാത ശിശുവിനെ വർഷങ്ങൾക്ക് മുമ്പും കൊലപ്പെടുത്തി മൃതദേഹങ്ങൾ പ്രതികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. എന്നാൽ, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വീട്ടിൽ നടത്തിയ തിരച്ചിലിനിടെ ലഭിച്ച സൂചനകളുടെയും വിഷ്ണുവിന്റെ മാതാവിന്റെയും സഹോദരിയുടെയും മൊഴികളിൽനിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഇങ്ങനെ സംശയിക്കുന്നത്.
മോഷണമുതൽ തിരഞ്ഞ് കട്ടപ്പന എസ്.ഐ പ്രതികളുടെ കക്കാട്ടുകടയിലെ വാടകവീട്ടിൽ പരിശോധനക്കെത്തുമ്പോൾ പ്രതിയുടെ മാതാവിനെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിലായിരുന്നു. വീട്ടിനുള്ളിൽ പൂജയും ആഭിചാര കർമങ്ങളും നടന്ന ലക്ഷണങ്ങൾ കണ്ട് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് സൂചനകൾ ലഭിച്ചത്. ആഭിചാര കർമങ്ങൾ നടന്ന മുറിയും വീടും പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലാണ്.
മുറിക്കുള്ളിലെ തറ അടുത്തനാളിൽ കുഴിച്ചശേഷം കോൺക്രീറ്റ് ചെയ്ത് മൂടിയതിന്റെയും ലക്ഷണങ്ങൾ കണ്ടു. വീടിന് പുറത്തുനിന്ന് സംശയകരമായ ചില വസ്തുക്കൾ കണ്ടെടുത്തു. പിന്നിലെ കതക് തുറക്കാൻ പ്രത്യേക രീതിയിൽ ചരട് ഘടിപ്പിച്ചതായും കണ്ടെത്തി. ഇതേതുടർന്ന് എസ്.ഐ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ഇവരുടെ നിർദേശാനുസരണമാണ് എസ്.ഐയുടെ നേതൃതത്തിലുള്ള പൊലീസ് സംഘത്തിന് വീടിന്റെ സുരക്ഷാച്ചുമതല കൈമാറിയത്.
പ്രതികൾ എട്ടുമാസം മുമ്പ് വീട് വാടകക്ക് എടുത്തതാണ്. ഇവിടെ ആരൊക്കെയാണ് താമസിച്ചിരുന്നതെന്ന് അയൽവാസികൾക്കോ നാട്ടുകാർക്കോ ഒരു വിവരവും ഇല്ല. വീട് വാടകക്ക് എടുക്കുന്ന സമയം ഒപ്പമുണ്ടായിരുന്ന വയോധികനെയാണ് ആറുമാസമായി കാണാതായതായി പറയുന്നത്. ഇത് വാടകക്ക് എടുക്കുന്നതിന് മുമ്പ് പ്രതികൾ കട്ടപ്പന സാഗര തിയറ്ററിന് സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ നവജാത ശിശുവിന്റെ മൃതദേഹം മറവു ചെയ്തതായാണ് കരുതുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുത്ത് പരിശോധന നടത്താതെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.