കട്ടപ്പന ഇരട്ടക്കൊല: പൊലീസിനെ കുഴപ്പിച്ച് മുഖ്യപ്രതി; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായില്ല
text_fieldsകട്ടപ്പന: ഇരട്ടക്കൊല കേസിൽ പൊലീസിനെ കുഴപ്പിച്ച് നിരന്തരം മൊഴിമാറ്റി മുഖ്യപ്രതി നിതീഷ്. തുടർച്ചയായ രണ്ടാം ദിവസവും തിരച്ചിൽ നടത്തിയിട്ടും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താനായില്ല. പ്രതികൾ കൊലപ്പെടുത്തിയതായി സമ്മതിച്ച കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റേതെന്ന് (58) കരുതുന്ന മൃതദേഹം കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ ഹാളിലെ തറ പൊളിച്ചാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചത്. വിജയന്റെ കൊലപാതകത്തിൽ ഭാര്യയെയും മകനെയും അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യും.
നിതീഷും വിജയന്റെ മകളും തമ്മിലുണ്ടായ ബന്ധത്തിൽ ജനിച്ച രണ്ടുദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായാണ് പ്രതികൾ സമ്മതിച്ചത്. വിജയൻ നേരത്തേ താമസിച്ച കട്ടപ്പന സാഗര ജങ്ഷനിലുള്ള വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടെന്നാണ് നിതീഷ് ആദ്യം മൊഴി നൽകിയത്. ഞായറാഴ്ച ഇയാളെ ഈ വീട്ടിലെത്തിച്ച് പൊലീസ് കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലീസ് നായ് എത്തി പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഞായറാഴ്ച രാത്രി ഏഴോടെ തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ നിതീഷിനെ ചോദ്യംചെയ്ത ശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും മൊഴി മാറ്റി.
വിജയൻ താമസിച്ച വീടും സ്ഥലവും വിറ്റതറിഞ്ഞ് കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിൽനിന്ന് പുറത്തെടുത്ത് രഹസ്യമായി ദഹിപ്പിച്ചെന്നാണ് നിതീഷ് പറഞ്ഞത്. വീണ്ടും നിതീഷിനെയും വിഷ്ണുവിനെയും പൊലീസ് വിശദമായി ചോദ്യംചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ നിതീഷ് ആദ്യം കാണിച്ചു കൊടുത്ത സ്ഥലത്ത് വീണ്ടും കുഴിച്ച് വിശദ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച നിതീഷിനെ വീണ്ടും ചോദ്യം ചെയ്തശേഷം പശുത്തൊഴുത്തിന്റെ തറയടക്കം കുഴിച്ച് പരിശോധിക്കാനും ആലോചനയുണ്ട്.
കൊല്ലപ്പെട്ടത് വിജയനാണെന്ന് ഉറപ്പിക്കുക ശാസ്ത്രീയ പരിശോധനക്കുശേഷം
കട്ടപ്പന: ഇരട്ടക്കൊലപാതക കേസിൽ കണ്ടെത്തിയ മൃതദേഹം കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റേതെന്ന് (58) ഉറപ്പിക്കുക ശാസ്ത്രീയ പരിശോധനക്കുശേഷം. വിജയന്റെ മകൻകൂടിയായ കേസിലെ പ്രതി നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്തും മറ്റൊരു പ്രതിയുമായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ് -31) എന്നിവർ താമസിച്ച കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ ഹാളിലെ തറ പൊളിച്ചാണ് വിജയന്റെ മൃതദേഹം പുറത്തെടുത്തത്. കാർഡ്ബോർഡ് പെട്ടിയിൽ മൂന്നായി ഒടിച്ചുമടക്കി പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച് നാലടി താഴ്ചയിൽ കുഴിച്ചിട്ട മൃതദേഹം ജീർണിച്ചനിലയിലാണ്. കൊലപാതകത്തിൽ വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യംചെയ്യലിന് തയാറെടുക്കുകയാണ് പൊലീസ്.
സുമയും മകളും കട്ടപ്പനയിലെ ഷെൽട്ടർ ഹോമിലാണ്. വിഷ്ണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അവിടെനിന്ന് ഡിസ്ചാർജ് ചെയ്താലുടൻ വിഷ്ണുവിനെ കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്ത് ചോദ്യംചെയ്യാനാണ് ശ്രമം. ഇടുക്കി ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി, ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. മധുബാബു, കട്ടപ്പന സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ സുനേഖ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.