നെടുങ്കയത്തെ കാട്ടുനായ്ക്കർ ചോദിക്കുന്നു ഞങ്ങൾക്കെന്നാണ് വീട് കിട്ടുക?
text_fieldsമലപ്പുറം: കാട്ടുമരങ്ങളുടെ കമ്പുകളിൽ വലിച്ചുകെട്ടിയ കീറിയ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് താഴെ ഉഷ്ണിച്ച് കഴിയുന്ന കുട്ടികളും സ്ത്രീകളും. മണ്ണ് മെഴുകിയ തറ വെയിലേറ്റ് പഴുത്ത് തുടങ്ങിയാൽ ചെരിപ്പില്ലാതെ നിലത്ത് ചവിട്ടാനാവില്ല. വീടെന്ന് പറയാൻപോലും പറ്റാത്ത ഷീറ്റ് മറകൾക്കുള്ളിൽ ജീവിതത്തിെൻറ സമ്പാദ്യമെല്ലാം അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു.
വിളറിയ കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി നിൽക്കുന്നവർ. കാട്ടുമൃഗങ്ങൾക്കും അധികൃതരുടെ അവഗണനക്കുമിടയിൽ ജീവിതത്തിെൻറ രണ്ടറ്റം കഴിച്ചുകൂട്ടേണ്ടി വരുന്ന 28 കുടുംബങ്ങൾ. നിലമ്പൂർ നെടുങ്കയം വനത്തിലെ മുണ്ടക്കടവ് കോളനിയിലെ കാട്ടുനായ്ക്കർ വിഭാഗത്തിൽപെട്ട ആദിവാസികൾ രണ്ടുവർഷമായി വേനലും വർഷവും കഴിച്ചു കൂട്ടുന്ന വട്ടിക്കല്ല് കോളനിയിലെ ദുരിതക്കാഴ്ചയാണിത്.
2019ലെ പ്രളയത്തിലാണ് കോളനിയിൽ വെള്ളം കയറി വീടുകൾ വാസയോഗ്യമല്ലാതായത്. തുടർന്ന് മൂപ്പൻ കണ്ണെൻറ നേതൃത്വത്തിൽ ഒരുദിവസം കാട് കയറുകയായിരുന്നു.
നെടുങ്കയം പാലത്തിൽനിന്ന് മാഞ്ചീരിയിേലക്കുള്ള വഴിയിൽ ഏതാണ്ട് രണ്ട് കി. മീറ്റർ കാട്ടിനുള്ളിലൂടെ സഞ്ചരിച്ചാൽ കണ്ണനും സംഘവും കഴിയുന്ന ഇടംകാണാം. ചെറുപുഴയിൽനിന്ന് മോട്ടോറുപയോഗിച്ച് പൊലീസുകാർ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും വേനലായതോടെ ഇതും കഷ്ടിയായി.
വൈദ്യുതിയില്ല. തെരഞ്ഞെടുപ്പായതോടെ ഒരു സോളാർ പാനൽ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്.
പ്രളയ ദുരിതാശ്വാസയിനത്തിൽ കാടിെൻറ മക്കൾക്ക് കാര്യമായൊന്നും കിട്ടിയിട്ടില്ല. മൃഗങ്ങളെ പേടിക്കാതെ കുഞ്ഞുങ്ങളുമായി കിടക്കാൻ ഒരു വീട്. അതുതരാൻ കനിയണമെന്ന് മാത്രമാണ് കോളനിവാസികൾക്ക് പറയാനുള്ളത്.
മുണ്ടേരി വനത്തിലെ ഇരുട്ടു കുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ കോളനികളിലുള്ളവരെയും പുനരധിവസിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.