'ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല, പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ല'; കെ.ടി.ജലീലിന് മറുപടിയുമായി പി.കെ.ഫിറോസ്
text_fieldsകോഴിക്കോട്: കത്‌വ ഫണ്ട് തട്ടിപ്പ് കേസിൽ പൊലീസ് റിപ്പോർട്ട് കോടതി തള്ളുകയും പ്രതികൾക്ക് സമൻസ് അയക്കാൻ ഉത്തരവായെന്നുമുള്ള കെ.ടി.ജലീൽ എം.എൽ.എയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്.
കെ.ടി ജലീലും വി.അബ്ദുറഹ്മാനും സി.പി.എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നുവെന്നും കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കിയെന്നും പി.കെ ഫിറോസ് പറഞ്ഞു.
"ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോർട്ട് കോടതി തളളിയെന്നാണ്. തള്ളിയാൽ അങ്ങിനെയൊരു ഉത്തരവിന്റെ പകർപ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ?" എന്നും ഫിറോസ് ഫെയ്സ്ബുക്ക് മറുപടിയായി കുറിച്ചു.
കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫെയ്ബുക്കിലൂടെ കെ.ടി.ജലീലിന്റെ ആരോപണം.
എനിക്കെതിരെ ഇ.ഡി കേസെടുത്തുവെന്ന് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് രണ്ടുകൊല്ലമായി. ഞാൻ ഇന്ന് വരെ ഒരു ഇ.ഡിയുടെ മുന്നിലും ഹാജരായിട്ടില്ലെന്നും പോകേണ്ടിവന്നാൽ ഇക്കയെപോലെ തലയിൽ മുണ്ടിട്ട് പോകില്ലെന്നും പി.കെ ഫിറോസ് ജലീലിന് മറുപടിയായി പറഞ്ഞു.
പി.കെ.ഫിറോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
" ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും തെരഞ്ഞെടുപ്പ് സമയത്തും എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ച കേസായിരുന്നു കത്വ കേസ്. ഈ കേസ് രാഷ്ട്രീയ വൈരാഗ്യത്തിൽ കെട്ടിച്ചമച്ചതാണെന്നും കള്ളമാണെന്നും കണ്ടെത്തിയ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്ത് വന്നു.കെ.ടി ജലീലും വി.അബ്ദുറഹ്മാനും സി.പി.എമ്മും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സത്യം തല ഉയർത്തി നിന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷവും ഇറക്കി.
ഇപ്പോ ജലീലിക്ക പറയുന്നത് പോലീസ് റിപ്പോർട്ട് കോടതി തളളിയെന്നാണ്. തള്ളിയാൽ അങ്ങിനെയൊരു ഉത്തരവിന്റെ പകർപ്പ് ഉണ്ടാവില്ലേ ഇക്കാ. അതെവിടെ? പോലീസിനെ സ്വാധീനിച്ച് നേടിയ റിപ്പോർട്ടാണെന്നാണ് ഇക്ക പറയുന്നത്. ലോകായുക്തയും ഹൈക്കോടതിയും സുപ്രീം കോടതിയും മന്ത്രി സ്ഥാനം എടുത്ത് തോട്ടിലെറിഞ്ഞപ്പോഴും ഇക്ക പറഞ്ഞത് സ്വാധീനമാണെന്നാണ്. പിണറായിപ്പോലീസിനെയും കോടതികളെയും സ്വാധീനിക്കാൻ ഞാനത്ര വലിയ സംഭവമാണോ ഇക്കാ!?
ഞങ്ങൾക്കെതിരെയുള്ള കേസിൽ പോലീസ് അന്വേഷണം നടത്തി ആരോപണം കളവാണെന്ന റിപ്പോർട്ട് കോടതിയിൽ സമ്മർപ്പിച്ചെന്ന് മനസ്സിലാക്കിയപ്പോൾ നിങ്ങളൊരു പ്രൈവറ്റ് കംപ്ലയിന്റ് വീണ്ടും കൊടുത്തു. കോടതിയിൽ ആർക്കും പ്രൈവറ്റ് കംപ്ലയിന്റ് കൊടുക്കാം. അത് ഇങ്ങളും കൊടുത്തിട്ടുണ്ട്. അല്ലാതെ ഒരു പോലീസ് റിപ്പോർട്ടും ഒരു കോടതിയും തള്ളിയിട്ടില്ല.
പിന്നെ ഇ.ഡി കേസ്.
എനിക്കെതിരെ ഇ.ഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇ.ഡിയുടെ മുമ്പിലും ഹാജരായിട്ടില്ല. ഇനി ഹാജരാകേണ്ടി വന്നാലും ഇക്ക പോയത് പോലെ തലയിൽ മുണ്ടിട്ട് പോവുകയും ഇല്ല.
അതോണ്ട് ജലീലിക്കാനോട് പറയാണ്. ഇങ്ങള് ആവുമ്പോലെ നോക്കി. പരാതി ഇഷ്ടം പോലെ കൊടുക്കി. ഇങ്ങക്ക് ഇഷ്‌ടമുള്ള ആൾക്കാരെ വെച്ച് അന്വേഷിക്ക്. പക്ഷേ ഇക്കക്ക് കൂട്ടിയാ കൂടൂലാ. അതിന് ഇച്ചിരി കൂടെ മൂക്കണം. ഇത് യൂത്ത് ലീഗാ. മുസ്ലിം യൂത്ത് ലീഗ്" .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.