അവരിപ്പോഴും പച്ച മണ്ണിൽ; കവളപ്പാറയുടെ കാത്തിരിപ്പ് നീളുന്നു
text_fieldsകവളപ്പാറ (മലപ്പുറം): വേദനയിൽ വിങ്ങുന്ന ഹൃദയവുമായി കവളപ്പാറക്കാരുടെ കാത്തിരിപ് പ് നീളുകയാണ്. ഉടലോടെ പച്ച മണ്ണിനടിയിലേക്ക് ആണ്ടുപോയ 11 ജീവനുകളെ മുത്തപ്പൻ കുന്ന ിടിഞ്ഞ് ഒഴുകിപ്പരന്ന ചെമ്മൺ കൂനക്കടിയിൽനിന്ന് ഇനിയും കണ്ടുകിട്ടിയിട്ടില്ല. ആഗസ്റ്റ് എട്ടിന് മഴയിൽ കുതിർന്ന രാത്രിയിൽ 59 പേരുടെ ജീവൻ മണ്ണെടുത്ത ദുരന്ത ഭൂമിയിൽ എവിടെയോ അവരിപ്പോഴും ചിതറിക്കിടപ്പുണ്ട്. 20 നാൾ നീണ്ട തിരച്ചിലിലും കണ്ടെത്താനാവാത്ത ഉറ്റവർക്കായി റോഡിനിപ്പുറത്ത് കണ്ണീരുറഞ്ഞവരുടെ കാത്തിരിപ്പിന് നീളമേറുകയാണ്. ഇത്രയും നാൾ മണ്ണുമാന്ത്രി യന്ത്രത്തിെൻറ കൈകളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങളുണ്ടോ എന്നന്വേഷിച്ച് അവരുണ്ടായിരുന്നു.
കവളപ്പാറ കോളനിയിലെ ബാലെൻറ മക്കളായ കാർത്തിക് (15), കമൽ (13), സൂത്രത്തിൽ വിജയെൻറ മകൾ ജിഷ്ണ (20), കവളപ്പാറ സുനിലിെൻറ മകൻ സുജിത് (15), വലിയ പെരകെൻറ മകൻ പെരകൻ (65), വാളകത്ത് പാലെൻറ മക്കളായ വിജയലക്ഷ്മി (19), സുനിത (17), പിലാത്തോടൻ ചേന്നെൻറ മകൻ ഇമ്പിപ്പാലൻ (70), ഇമ്പിപ്പാലെൻറ മകൻ സുബ്രഹ്മണ്യൻ (31), പള്ളത്ത് വീട് ശിവെൻറ മകൻ ശ്യാം രാജ് (20), വലിയ പെരകെൻറ മകൻ ഒടുക്കൻ കുട്ടി എന്ന ചന്ദ്രൻ (50) എന്നിവരെയാണ് മുത്തപ്പൻകുന്ന് കാണാമറയത്തേക്ക് കൊണ്ടുപോയത്. അവരെ വിധിപ്രകാരം അടക്കം ചെയ്യണം. ആത്മശാന്തിക്കായി മരണാനന്തര കർമങ്ങൾ പൂർത്തിയാക്കണം. അത്രയെങ്കിലും ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആഗ്രഹം.
മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വിവിധ സേനാംഗങ്ങളും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിലാണ് 48 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടക്കത്തിൽ ഹൈദരാബാദിൽനിന്ന് സാങ്കേതിക സംവിധാനങ്ങളുമായി വിദഗ്ധ സംഘമെത്തിയെങ്കിലും നനഞ്ഞു കുഴഞ്ഞ മണ്ണിൽ അത് ഗുണം ചെയ്തില്ല. ഇടക്കിടെ പെയ്ത മഴയും തിരച്ചിൽ ദുഷ്കരമാക്കി. ഇൗ സാഹചര്യത്തിലാണ് ചൊവ്വാഴ്ചയോടെ തിരച്ചിൽ തൽക്കാലം നിർത്തിവെക്കാനും മഴ മാറിയശേഷം പുനരാരംഭിക്കാനും തീരുമാനിച്ചത്. മഴ മാറി തിരച്ചിൽ തുടരുേമ്പാഴെങ്കിലും പ്രിയപ്പെട്ടവരെ കണ്ടുകിട്ടണേ എന്നാണ് ബന്ധുക്കളുടെ പ്രാർഥന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.