ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, കവളപ്പാറയിൽ എവിടെയാണ് സർക്കാർ പുനരധിവാസം ഉറപ്പാക്കിയത്?
text_fieldsമലപ്പുറം: രാജമല പെട്ടിമുടി ദുരന്ത സ്ഥലം സന്ദർശിക്കുന്നതിനിടെ കഴിഞ്ഞ വർഷം മണ്ണിടിച്ചിലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും പുനരധിവാസം ഉറപ്പാക്കി എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന കേട്ട് അന്തം വിട്ടിരിക്കുകയാണ് കവളപ്പാറക്കാർ. പോത്തുകല്‍ അങ്ങാടിയിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ പട്ടികവര്‍ഗ കോളനിയിലെ 22 കുടുംബങ്ങളിലായി 60 പേർ കഴിയാൻ തുടങ്ങിയിട്ട് വർഷം ഒന്നായി. ഇവരെയാണ് പുനരധിവസിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
ദുരന്തം കഴിഞ്ഞ് ഒരു വർഷമായിട്ടും മണ്ണ് വീണ് ജീവിതം ഇരുളിലായ ഒരാൾക്ക് പോലും വീട് നിർമിച്ചു നൽകാൻ സർക്കാറിനായിട്ടില്ല. 2019 ആഗസ്റ്റ് എട്ടിന് രാത്രി ഏഴരയോടെയാണ് പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്ന് അടർന്നു വീണത്. 42 വീടുകൾ അടയാളം പോലും ബാക്കിയാക്കാതെ മണ്ണിനടിയിലായി. 59 പേർ ജീവനോടെ പച്ച മണ്ണിൽ അടക്കപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആദിവാസികൾ അടക്കം 67 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും വാങ്ങാൻ 10 ലക്ഷം രൂപ വീതം അനുവദിച്ചത് ഏതാനും ദിവസങ്ങൾ മുമ്പ് മാത്രമാണ്. അതിന് തന്നെ കവളപ്പാറക്കാർ കോടതി കയറേണ്ടി വന്നു. അനുവദിച്ച തുക കൈയിൽ കിട്ടാൻ ഇനിയും എത്ര നാൾ വേണ്ടി വരുമെന്ന് അവർക്കറിയില്ല.
വീടുകൾ വാസയോഗ്യമല്ലാതായ 87 കുടുംബങ്ങൾ അടക്കം മൊത്തം 154 കുടുംബങ്ങളാണ് കവളപ്പാറയിൽ ദുരന്തത്തിനിരയായത്. ഇവരെ പുനരധിവസിപ്പിക്കാൻ പോത്തുകൽ പഞ്ചായത്തിൽ അന്നത്തെ കലക്ടർ ജാഫർ മലികിന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടം ഒമ്പത് ഏക്കർ ഭൂമി കണ്ടെത്തിയിരുന്നു. സെൻറിന് 30,000 രൂപ വീതം 2.7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വീടൊന്നിന് 1,01,900 രൂപ വീതം 68,27,300 രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും അനുവദിക്കുകയും ചെയ്തു. എന്നാൽ ജാഫർ മലികിനെതിരെ പി.വി അൻവർ എം.എൽ.എ രംഗത്തു വന്നതോടെ സർക്കാർ ഇത് റദ്ദാക്കി.
പകരം സ്ഥലം കണ്ടെത്താൻ വീണ്ടും വിജ്ഞാപനം ഇറക്കിയെങ്കിലും അതും നടന്നില്ല. ഏറ്റവും ഒടുവിലാണിപ്പോൾ സ്ഥലം വാങ്ങാൻ 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. അപ്പോഴേക്കും വർഷമൊന്നു കഴിഞ്ഞു. ഇതിന് പുറമെ 2018ൽ നിലമ്പൂർ, ഏറനാട് താലൂക്കുകളിൽ ദുരന്തമുണ്ടായ മതിൽമൂല, ചെട്ടിയംപാറ, ഓടക്കയം എന്നിവിടങ്ങളിലും പുനരധിവാസം രണ്ട് വർഷത്തിന് ശേഷവും പാതി വഴിയിലാണ്.അതേസമയം, സർക്കാർ പുനരധിവസിപ്പിച്ചില്ലെങ്കിലും സുമനസുകളുടെ സഹായത്തോടെ നിലമ്പൂർ മേഖലയിൽ നിരവധി കുടുംബങ്ങൾക്ക് വീടും സ്ഥലവും ലഭിച്ചിട്ടുണ്ട്. ഇതാണോ മുഖ്യമന്ത്രി ഉദ്ദേശിച്ച പുനരധിവാസം എന്നാണ് കവളപ്പാറക്കാർ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.