കവളപ്പാറയുടെ നോവിന് ഒരാണ്ട്; സർ, അവരിപ്പോഴും ഇറയത്താണ്
text_fieldsപോത്തുകൽ: കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് തികയുേമ്പാഴും മണ്ണ് വീണ് ജീവിതം ഇരുളിലായവർ ഇപ്പോഴും പെരുവഴിയിൽ. കഴിഞ്ഞ ആഗസ്റ്റ് എട്ടിന് രാത്രി ഏഴരയോടെയാണ് പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലെ മുത്തപ്പന്‍കുന്ന് അടർന്നുവീണത്.
42 വീടുകൾ അടയാളംപോലും ബാക്കിയാക്കാതെ മണ്ണിനടിയിലായി. 59 പേർ ജീവനോടെ പച്ചമണ്ണിൽ അടക്കപ്പെട്ടു. മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം സഹായം ലഭിച്ചു. എന്നാൽ, ദുരന്തത്തിനിരയായ ഒരാൾക്കുപോലും വീട് നിർമിച്ചുനൽകാൻ അധികൃതർക്കായിട്ടില്ല.
തുടരുന്ന ദുരിതജീവിതം
പോത്തുകല്‍ അങ്ങാടിയിലെ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിൽ കവളപ്പാറ പട്ടികവര്‍ഗ കോളനിയിലെ കുടുംബങ്ങൾ കഴിയാൻ തുടങ്ങിയിട്ട് ഒരുവർഷമായി.
നടപടികൾ ഇഴയുകയാണ്. ഇവര്‍ക്ക് ഭൂമിക്കും വീടിനുമായി 10 ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നാല്‍, അനുയോജ്യമായ സ്ഥലം ഊരുകൂട്ടം ചേര്‍ന്ന് തീരുമാനിക്കണം.
നിലവില്‍ ഇവര്‍ വസിക്കുന്ന ഓഡിറ്റോറിയത്തിന് 35,000 രൂപയാണ് സര്‍ക്കാര്‍ പ്രതിമാസം വാടകയിനത്തില്‍ ചെലവഴിക്കുന്നത്. ഇതിന് പുറമെ ബയോഗ്യാസ് സംവിധാനത്തിലുള്ള ശുചിമുറി സൗകര്യത്തിന് മാസംതോറും 36,000 രൂപയും നല്കുന്നു.
67 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ ആറുലക്ഷം എന്നതോതില്‍ 4.02 കോടിയും 94 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാന്‍ നാലു ലക്ഷം എന്ന തോതില്‍ 3.76 കോടിയും അനുവദിക്കാനാണ് ഒടുവിൽ സർക്കാർ തീരുമാനം. ഇതില്‍ 36 പേര് സ്വന്തമായി സ്ഥലം കണ്ടത്തെിയിട്ടേയുള്ളൂ.
എം.എൽ.എയുെട ഉടക്കിൽ നിലച്ച 'ഭൂദാനം നവകേരള ഗ്രാമം പദ്ധതി'
ജില്ല ഭരണകൂടത്തിെൻറ കണക്കനുസരിച്ച് 67 കുടുംബങ്ങൾക്കാണ് കവളപ്പാറയിൽ വീടും സ്ഥലവും നഷ്ടമായത്. 87 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമല്ലാത്തതിനാൽ ഇവരെയും മാറ്റിപ്പാർപ്പിക്കണം.
മൊത്തം 154 കുടുംബങ്ങൾ. ഇവർക്കായി അന്നത്തെ കലക്ടർ ജാഫർ മലിക്കിെൻറ നേതൃത്വത്തിൽ പോത്തുകൽ പഞ്ചായത്തിൽ ഒമ്പത് ഏക്കർ ഭൂമി കണ്ടെത്തി. െസൻറിന് 30,000 രൂപ വീതം 2.7 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു. 'ഭൂദാനം നവകേരള ഗ്രാമം' എന്ന പേരിലായിരുന്നു പദ്ധതി.
എന്നാൽ, കലക്ടറും പി.വി. അൻവർ എം.എൽ.എയും ഉടക്കിയതോടെ എല്ലാ പ്രവർത്തനങ്ങളും നിലച്ചു. എം.എൽ.എയുടെ ഇടപെടലിൽ നേരത്തേ നൽകിയ അനുമതി സർക്കാർ ദദ്ദാക്കി. പകരം സ്ഥലം കണ്ടെത്താൻ പിന്നീട് ജില്ല ഭരണകൂടം മെനക്കെട്ടതുമില്ല.
സുമനസ്സുകളുണ്ട് കൂടെ
കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ആര്‍ക്കും ഇതുവരെ സര്‍ക്കാര്‍ വീട് നിര്‍മിച്ചുനല്‍കിയിട്ടില്ല. എന്നാൽ, സുമനസ്സുകളുടെ സഹായത്താൽ പലർക്കും വീട് ലഭിച്ചു. വണ്ടൂരിലെ കാരാട് സൗജന്യമായി ലഭിച്ച സ്ഥലത്ത് ജ്യോതി ലബോറട്ടറീസ് 12 വീടുകൾ നിർമിച്ചു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാമ്പത്തിക സഹായത്തോടെ പി.വി. വഹാബ് എം.പിയുടെ നേതൃത്വത്തിൽ 33 വീടുകളുടെ നിർമാണം നടക്കുന്നു. 60 വീടുകൾ നിർമിക്കാൻ പീപിൾസ് ഫൗണ്ടേഷനും സ്ഥലം കണ്ടെത്തിയിട്ടുണ്ട്. വിവിധ സംഘടനകളും വ്യക്തികളും വാഗ്ദാനംചെയ്ത ഏതാനും വീടുകളുടെ നിര്‍മാണവും നടക്കുന്നു.
ചളിക്കൽ കോളനിയിലെ ആദിവാസികളെ പുനരധിവസിപ്പിക്കാനായി ജാഫർ മലിക്കിെൻറ നേതൃത്വത്തിൽ ജില്ല ഭരണകൂടം വാങ്ങിയ ഭൂമിയിൽ ഫെഡറൽ ബാങ്ക് നിർമിച്ച 34 വീടുകൾ കഴിഞ്ഞ ദിവസം കൈമാറി. ഈ ഭൂമി വാങ്ങിയതിനെതിരെയും പി.വി. അൻവർ എം.എൽ.എ രംഗത്തുവന്നിരുന്നു.
പാതാറിപ്പോൾ ഇങ്ങനെയാണ്
സന്നദ്ധസംഘടനകളുടെ സാമ്പത്തികസഹായത്തില്‍ അങ്ങാടിയും ഉയിർത്തെഴുന്നേറ്റു. വീട് പൂര്‍ണമായും നഷ്ടമായ പാതാര്‍, അതിരുവീട്ടി പ്രദേശങ്ങളിലെ 11 കുടുംബങ്ങളും സര്‍ക്കാര്‍ സഹായത്തില്‍ ഭൂമി വാങ്ങി. ഇവരുടെ വീടുകൾ വിവിധ ഭാഗങ്ങളിലായി നിര്‍മാണം പുരോഗമിക്കുന്നു. വീട് നഷ്ടമായ ഒരാൾ മരിച്ചു.
വാസയോഗ്യമല്ലെന്ന് കണ്ടത്തെിയ പ്രദേശത്തുനിന്ന് ഒമ്പത് കുടുംബങ്ങള്‍ താമസിച്ചിരുന്ന മലാംകുണ്ട് ആദിവാസി കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. ഈ പ്രദേശങ്ങളിലെ ജനറല്‍ വിഭാഗത്തില്‍പെട്ട കുടുംബങ്ങളില്‍ പലരും കാലവര്‍ഷമായതോടെ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കുമായി താമസം മാറ്റി.
പ്രദേശത്ത് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരിക്കല്‍ കൂടി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം ബര്‍ത്തില ബേബിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. മഴ തുടങ്ങിയതോടെ സാമ്പത്തികശേഷിയുള്ള ചുരുക്കം കുടുംബങ്ങള്‍ വാടകവീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.