മഴ സാഹിത്യഅക്കാദമിയോടു ചെയ്തത്
text_fieldsരാവിലെ ഒരു കാലിച്ചായയും കുടിച്ചേച്ച്
കാലിബസ്സിൽ കയറിയിരുന്നു.
പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും
ശവക്കോട്ടപ്പാലം സ്റ്റോപ്പിൽ നിന്നൊരു പുഞ്ചിരി കയറിവന്നെന്‍റെ അടുത്തിരുന്നു.
കുറച്ചു നേരത്തിനുള്ളിൽ ബസ്സ് ഫുള്ളായി.
ദൈവപ്പടിയിൽ നിന്നാണെന്നു തോന്നുന്നു ഒരു ചാറ്റൽമഴയപ്പോ കേറിവന്ന്
അടുത്തുള്ള കമ്പിയേപ്പിടിച്ചുനിന്നു.
കുറച്ചുനേരം കൂടി കഴിഞ്ഞപ്പോഴേക്കും
മേഘങ്ങളെ മുഴ്വോൻ വകഞ്ഞുമാറ്റിക്കൊണ്ട് ബസ് ഉയർന്നു പറക്കാൻ തുടങ്ങി.
കാറ്റടിച്ചതും മഴേന്‍റെ മുഖം മാറി.
'എഴുന്നേക്ക്! എനിക്ക് പുഞ്ചിരീടടുത്തിരിക്കണം!'
അതു പറഞ്ഞു.
ഞാൻ മുഖം തിരിച്ചു.
മഴയുടെ മുഖം ഇരുണ്ടു.
അപ്പോ വല്യോരിടിവെട്ടി ബസ്സൊന്നു കുലുങ്ങീതും ഞാൻ സീറ്റിൽ നിന്നും തെറിച്ചോയി.
വെളിച്ചം വന്നപ്പോ,
ഞാൻ കമ്പിയേൽ പിടിച്ചു നിൽക്കണ്!.
അത്ഭുതം! അത് വലിയോരോടക്കുഴൽ ആയി രൂപം മാറിയിരിക്ക്ന്ന്!
അതീക്കൂടെ കാറ്റുതീവണ്ട്യോള്
കയറിയിറങ്ങിക്കൊണ്ടേയിര്ന്ന്,
ഏറെ നേരം!
കൈയും കാതുമതിൽ ചേർത്തുവച്ചു
ഞാൻ മയ്ങ്ങീപ്പോ
രണ്ടും കൂടെ അവരുടെ സീറ്റിനെ
ഒരു ഞായറാഴ്ചയാക്കിമാറ്റി
ഞായറാഴ്ചക്കളിതൊടങ്ങി !
ബസ്സപ്പോ ദൈവത്തിനെണ്ണയുമായി പോകുന്ന പുഴ്ക്കളെ
മറികടന്നോണ്ടിരിക്കുവായിരുന്നു.
അസംഖ്യം പുഴുക്കള്!
അതുങ്ങളുടെ എണ്ണമെടുക്കുന്നതിൻറെടേല്
മറ്റു യാത്രക്കാരാരും
ഞായറാഴ്ചക്കളിക്കാരെ ശ്രദ്ധിച്ചതേയില്ല.
കുറച്ചു കഴിഞ്ഞപ്ലേക്കും,
കാതിൽ കയറിക്കൂടിയ മേഘക്കഷണങ്ങളെയെല്ലാം
കശക്കിപ്പുറത്തേക്കെറിഞ്ഞിറ്റ്
ഡ്രൈവർ അലറാൻ തൊടങ്ങി:
"താഴ്വര സ്റ്റോപ്പിലെറങ്ങാനുള്ളോരെല്ലാം
റെഡിയായ്ക്കോളീൻ!"
പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു നോക്ക്യപ്പോ പുഞ്ചിരീനേം ചാറ്റൽമഴേനേം കാണാൻല്ല!
കണ്ടക്ടറോട് കൈയും കലാശോം കാണിച്ചു ചോദിച്ചപ്പോ ആള്
അടുത്തു വന്നു.
'ഹ്,'അവര് താഴത്തേക്ക് ഒരു ചാട്ടാ ചാടി!'
'ചാട്വേ?'
'ഉം, ബസ്സ് സാഹിത്യ അക്കാദമീൻറെ മോളിക്കൂടെ പോവ്മ്പോ താഴേക്ക് ഒറ്റച്ചാട്ടം!
മഴ പെയ്യാനായിറ്റ് കവ്യോള് യജ്ഞം നടത്ത്വാത്റേ. അയ്ൻറെ പൊകമണം കിട്ടീതും ആളൊരു ചാട്ടം. ന്നാ ഞാനും വരാന്ന് പറഞ്ഞു പൊറകെ പുഞ്ചിരീം!'
ബസ്സ് അപ്പോഴേക്കും താഴ്വരയെ തൊട്ടു.
'ചായ കുടിക്കാൻ പത്തുമിനിട്ട് നിർത്തും' എന്നശരീരി മുഴങ്ങിക്കേട്ടതും ചാടിയെറങ്ങീത്
തണുപ്പത്ത് മരവിച്ചുനിൽക്കണ ഒരു കുന്നിന്‍റെ ചോട്ടിലിക്ക് !
പാവം! അതിനൊരു സിഗരറ്റും
കത്തിച്ചു കൊടുത്തേച്ച്
വാലാട്ടി വിളിക്കണ ഹോട്ടലിലിക്ക് നടന്നു.
ഒരഞ്ചു മിന്റ്റിനു ശേഷം
ഒരു ശബ്ദം കേട്ട്
പൊറത്തുചാടീറങ്ങിനോക്കുമ്പോ
കുന്നിനേം മറച്ചോണ്ട്
അക്കാദമി കെട്ടിടം ഉയർന്നുയർന്നുവര്ണൂ !
അതിൻറെ മട്ടുപ്പാവിലോ,
പുഞ്ചിരീന്‍റെ മഴനൃത്തോം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.