മാതൃഭാവം കവിഞ്ഞൊഴുകിയ പൊന്നമ്മ
text_fieldsകാളിദാസ കലാകേന്ദ്രത്തിൽ ഡാൻസ് മാസ്റ്ററായിരുന്ന ഡാൻസർ തങ്കപ്പനാണ് 1962ൽ കവിയൂർ പൊന്നമ്മക്ക് സിനിമയിലേക്ക് വഴി തുറന്നത്. കൊട്ടാരക്കര ശ്രീധരൻ നായർ രാവണനായെത്തിയ ‘ശ്രീരാമ പട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു പൊന്നമ്മക്ക്. എന്നാൽ, തന്റെ ആദ്യ സിനിമയായി പൊന്നമ്മ കണക്കാക്കുന്നത് 1964ൽ പുറത്തിറങ്ങിയ ‘കുടുംബിനി’യാണ്
കൊച്ചി: അമ്മയെന്നാൽ മലയാള സിനിമക്ക് കവിയൂർ പൊന്നമ്മയായിരുന്നു. അമ്മ വേഷങ്ങളുടെ നിറപ്പെയ്ത്തായിരുന്നു ആറ് പതിറ്റാണ്ട് നീണ്ട അവരുടെ അഭിനയ ജീവിതം. കരുതലിന്റെയും വാത്സല്യത്തിന്റെയും മാതൃഭാവങ്ങളിലും സ്നേഹശാസനകളിലും പൊതിഞ്ഞ് പൊന്നമ്മ സിനിമയിൽ ജീവിപ്പിച്ച ഓരോ അമ്മയും േപ്രക്ഷകഹൃദയങ്ങളുടെ പൂമുഖത്ത് ഇടംപിടിച്ചു. സ്ത്രീ കഥാപാത്രങ്ങളിൽ അത്രമേൽ വ്യത്യസ്തമായിരുന്നു അവരുടെ വേഷപ്പകർച്ചകൾ. മലയാളത്തിൽ ഇത്രയേറെ തലമുറകൾക്കൊപ്പം അമ്മ വേഷം ചെയ്ത നടി വേറെയില്ല.
സിനിമ സ്വപ്നത്തിൽപോലും ഉണ്ടായിരുന്നില്ലെന്ന് പൊന്നമ്മ പറഞ്ഞിട്ടുണ്ട്. സംഗീതജ്ഞയാകാനായിരുന്നു മോഹം. കുട്ടിയായിരിക്കെ അച്ഛന്റെ കൈപിടിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് എം.എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരി കേട്ടുനിന്നത് അദ്ഭുതത്തോടെയാണ്. സുബ്ബലക്ഷ്മിയോടുള്ള ആരാധനയുടെ അടയാളങ്ങളായിരുന്നു കല്ലുവെച്ച മൂക്കുത്തിയും നെറ്റിയിലെ വലിയ പൊട്ടും. അഞ്ചാം വയസ്സ് മുതൽ 12 വർഷത്തോളം സംഗീതം പഠിച്ചു. എൽ.പി.ആർ വർമയടക്കം പ്രമുഖരായിരുന്നു ഗുരുക്കന്മാർ. കെ.പി.എ.സിയിൽനിന്ന് ഒരിക്കൽ ദേവരാജൻ മാസ്റ്ററും തോപ്പിൽ ഭാസിയും ശങ്കരാടിയും വീട്ടിലെത്തി. ‘കൊച്ചേ ഒരു പാട്ടുപാടിക്കേ’ എന്ന് ദേവരാജൻ. പൊന്നമ്മ ആലപിച്ച കീർത്തനത്തിൽ അവരുടെ മനസ്സ് നിറഞ്ഞു. അങ്ങനെ തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിൽ ഗായികയായാണ് കലയിലെ അരങ്ങേറ്റം.
നാടകം അരങ്ങിലെത്താൻ രണ്ടാഴ്ചകൂടി മാത്രം. നായികയെ കണ്ടെത്താനായിട്ടില്ല. ആ വേഷത്തിലേക്കും ഭാസി പൊന്നമ്മയെത്തന്നെ ഉറപ്പിച്ചു. കാര്യം പറഞ്ഞപ്പോൾ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് അവൾ പൊട്ടിക്കരഞ്ഞു. ഒടുവിൽ ഭാസിയുടെ നിർബന്ധത്തിന് വഴങ്ങി. കെ.പി.എ.സിയിൽനിന്ന് പിന്നീട് കാളിദാസ കലാകേന്ദ്രത്തിലെത്തിയപ്പോഴും ഗായികയായി അണിയറയിലും നടിയായി അരങ്ങിലും അവർ നിറഞ്ഞുനിന്നു. ഒരു വർഷം 400 അരങ്ങുകളിൽ വരെ വേഷമിട്ടു. പാട്ടിനെയും അഭിനയത്തെയും അമ്മ ശക്തമായി എതിർത്തപ്പോഴും അച്ഛൻ അവളുടെ ആഗ്രഹങ്ങൾക്കൊപ്പമായിരുന്നു.
കാളിദാസ കലാകേന്ദ്രത്തിൽ ഡാൻസ് മാസ്റ്ററായിരുന്ന ഡാൻസർ തങ്കപ്പനാണ് 1962ൽ സിനിമയിലേക്ക് വഴി തുറന്നത്. കൊട്ടാരക്കര ശ്രീധരൻ നായർ രാവണനായെത്തിയ ‘ശ്രീരാമ പട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു പൊന്നമ്മക്ക്. എന്നാൽ, തന്റെ ആദ്യ സിനിമയായി പൊന്നമ്മ കണക്കാക്കുന്നത് 1964ൽ പുറത്തിറങ്ങിയ ‘കുടുംബിനി’യാണ്. രണ്ട് പെൺകുട്ടികളുടെ അമ്മയുടെ വേഷം. പ്രായത്തിൽ തന്നെക്കാൾ മുതിർന്നവരുടെ അമ്മയായി അഭിനയിക്കാൻ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. 22ാം വയസ്സിൽ ‘തൊമ്മന്റെ മക്കളി’ൽ സത്യന്റെയും മധുവിന്റെയും അമ്മയായി. പിന്നീട് ‘ഓടയിൽനിന്നി’ൽ സത്യന്റെ നായികയായതും അതേ പൊന്നമ്മ. ‘പെരിയാറി’ൽ തിലകന്റെ അമ്മയായി അഭിനയിച്ച അവർ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ തിലകന്റെ കുലീനയായ ഭാര്യയായി.
പൊന്നമ്മ നായികയായ ‘റോസി’ എന്ന ചിത്രത്തിന്റെ നിർമാതാവ് മണിസ്വാമിയാണ് പിന്നീട് ജീവിത പങ്കാളിയായത്. പണവും പ്രശസ്തിയും താൻ ആഗ്രഹിച്ചതിലേറെ കിട്ടി എന്ന് അവർ പറയുമായിരുന്നു. പക്ഷേ, കുടുംബജീവിതത്തിലെ താളപ്പിഴകളും അനുജത്തി രേണുകയുടെ മരണവും അവരെ വല്ലാതെ തളർത്തി. സിനിമക്കകത്തും പുറത്തും പ്രിയപ്പെട്ടവർക്ക് അവർ ‘പൊന്നി’യായിരുന്നു. 23 ചിത്രങ്ങളിൽ വരെ അഭിനയിച്ച വർഷമുണ്ട്. അമ്മ വേഷങ്ങളായിരുന്നു കൂടുതലും. അതിൽ മോഹൻലാലിന്റെ അമ്മയായി എത്തിയപ്പോഴെല്ലാം അവർ കൂടുതൽ തിളങ്ങി. 50ഓളം ചിത്രങ്ങളിൽ മോഹൻലാലിന്റെ അമ്മയായിട്ടുണ്ട്.
ഒരേ വേഷത്തിൽ തളക്കപ്പെടുന്നവരുടെ അഭിനയം പലപ്പോഴും വിരസമാകുമ്പോൾ അമ്മ റോളിലെ അസാമാന്യ വേഷപ്പകർച്ചകൾ പൊന്നമ്മയുടെ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമാക്കി. 37 വർഷം ചെന്നൈയിലായിരുന്നു താമസം. അതുകഴിഞ്ഞാണ് ആലുവയിൽ സ്ഥിരതാമസമാക്കിയത്. സിനിമയുടെ തിരക്കൊഴിഞ്ഞ ഏകാന്തതയിൽ നായയും പൂച്ചയും പ്രാവുമൊക്കെയായിരുന്നു കൂട്ട്. സിനിമ മൂലം എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ അത് സംഗീതമാണ് എന്നായിരുന്നു എന്നും പൊന്നമ്മയുടെ മറുപടി. എങ്കിലും മരണം വരെ ആ മനസ്സിൽ സിനിമക്കൊപ്പം സംഗീതവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.