അമ്മയെന്ന ‘തനിയാവർത്തനം’; മാതൃഭാവത്തിന്റെ ‘കിരീടം’
text_fieldsകൊച്ചി: ആറ് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ എണ്ണമറ്റ അമ്മ വേഷങ്ങൾകൊണ്ടാണ് കവിയൂർ പൊന്നമ്മ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ‘കിരീട’ത്തിലെ സേതുമാധവന്റെ അമ്മയായും അന്ധവിശ്വാസം തകർത്തെറിഞ്ഞ ‘തനിയാവർത്തന’ത്തിലെ ബാലന്റെ അമ്മയായും മലയാളികള്‍ വിങ്ങലോടെ നെഞ്ചിൽ ചേര്‍ത്ത ഒട്ടേറെ കഥാപാത്രങ്ങളായാണ് കവിയൂർ പൊന്നമ്മ പകർന്നാട്ടം നടത്തിയത്.
സ്ക്രീനില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച അമ്മ-മകന് കൂട്ടുകെട്ട് മോഹന്‍ലാലിന്റെയും കവിയൂര്‍ പൊന്നമ്മയുടേതുമായിരുന്നു. ഇരുവരും ഒന്നിച്ച മിക്ക സിനിമകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയും ഉണ്ണീ എന്ന വിളിയും മലയാളികള്‍ക്ക് മറക്കാനാകില്ല. ‘ഞങ്ങള്‍ തമ്മിലുള്ള അമ്മ-മകന് കെമിസ്ട്രി എല്ലാ സിനിമകളിലും നല്ലപോലെ വന്നിട്ടുണ്ട്’ എന്ന് കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിക്കൊപ്പവും അമ്മ വേഷങ്ങളില്‍ കവിയൂർ പൊന്നമ്മ എത്തിയിരുന്നു. ‘തനിയാവര്‍ത്തന’ത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബാലന് മാഷിന് വിഷം ചേർത്ത ചോറ് ഉരുട്ടി നല്കുന്ന രംഗം മലയാളി ഞെട്ടലോടെയാണ് കണ്ടത്.
നെല്ല് (1974) എന്ന ചിത്രത്തിലെ സാവിത്രി അമ്മ വേഷങ്ങളില്‍നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രമായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി നിര്‍മിച്ച് സംവിധാനം ചെയ്ത ‘നിര്‍മാല്യം’ കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളില്‍ ഒന്നായിരുന്നു.
സിനിമയിലെ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായി വേഷമിട്ട അവരുടെ കഥാപാത്രം നിരൂപക ശ്രദ്ധ നേടി. 1980കളില്‍ മലയാള സിനിമയില്‍ ഒഴിച്ചു നിർത്താനാകാത്ത താരമായി പൊന്നമ്മ മാറുന്നതാണ് കണ്ടത്. നാടകീയത നിറഞ്ഞ കഥാപാത്രങ്ങള്‍ മുതല്‍ ഹാസ്യ കഥാപാത്രങ്ങള്‍ വരെ ഇക്കാലയളവില്‍ അനായാസം വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. അമ്മയായി നിറഞ്ഞാടുമ്പോള്‍ സ്ക്രീനിലെ കഥാപാത്രങ്ങള്‍ ജീവിതത്തിലും അമ്മയും മക്കളുമാണോ എന്ന് തോന്നിക്കണമെന്ന് കവിയൂർ പൊന്നമ്മക്ക് നിർബന്ധമുണ്ടായിരുന്നു. തുടർച്ചയായി അമ്മക്കഥാപാത്രങ്ങൾ അഭിനയിക്കുന്നതിൽ നിരാശ ഉണ്ടായിരുന്നില്ല. നല്ല അമ്മയായി തന്നെ കാണാനാണ് മലയാളികൾ എന്നും ആഗ്രഹിച്ചതെന്നും പിന്നെ എന്തിനാണ് അവരെ നിരാശരാക്കുന്നതെന്നുമായിരുന്നു ഈ ചോദ്യത്തിന് കവിയൂർ പൊന്നമ്മയുടെ മറുചോദ്യം. പരിഭവത്തിലും പിണക്കത്തിലും മക്കളെ ചേര്‍ത്തുപിടിക്കുന്ന സ്നേഹനിധിയായ അമ്മവേഷം കവിയൂര്‍ പൊന്നമ്മയെപ്പോലെ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ മറ്റാര്‍ക്കെങ്കിലും സാധിക്കുമോ എന്ന ചോദ്യം ബാക്കി നിർത്തിയാണ് അവരുടെ വേർപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.