കാവുകൾ ഇനി ഹൈടെക്; വഴികാട്ടാൻ ജി.പി.എസ്
text_fieldsകോട്ടയം: ജി.പി.എസും തിരിച്ചറിയൽ നമ്പറുകളുമായി സംസ്ഥാനത്തെ കാവുകൾ ഇനി ഹൈടെക്. ജൈവ കലവറകളായ കാവുകളെ റവന്യൂ രേഖകളിൽ അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിജിറ്റലൈസേഷൻ. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് നടന്നുവരുന്ന കണക്കെടുപ്പ് അന്തിമ ഘട്ടത്തിലെത്തി. 11 ജില്ലകളിൽ കണക്കെടുപ്പ് പൂർത്തിയായപ്പോൾ 8777 കാവുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കിൽ ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ കാവുകൾ-2242; കുറവ് ഇടുക്കിയിലും-32.
കാവുകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പൂർണവിവരങ്ങൾ ശേഖരിക്കാനുള്ള വനംവകുപ്പ് തീരുമാനം. ഇതിന് വനംവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ 'ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് കേരള'യെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കാവുകളുടെ സംരക്ഷണത്തിനായി അനുവദിക്കുന്ന ഫണ്ടുകൾ തുടർച്ചയായി പാഴാകുന്ന സാഹചര്യത്തിൽകൂടിയാണ് വിവരശേഖരണം. ഇത് പൂർത്തിയാക്കി വിശദമായ കണക്കും വിവരങ്ങളും സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്ക് സമർപ്പിക്കാനാണ് തീരുമാനം.
മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലെ കണക്കാണ് ഇനി ശേഖരിക്കാനുള്ളത്. മലപ്പുറത്തെ വിവരശേഖരണം പൂർത്തിയായിട്ടുണ്ട്. മറ്റ് രണ്ട് ജില്ലകളിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ആഗസ്റ്റോടെ പൂർണമാകുമെന്ന് 'ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് കേരള' വ്യക്തമാക്കി. കാവുകളുടെ സമഗ്രവിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് വനംവകുപ്പിന് കൈമാറാനാണ് ഇവരുടെ തീരുമാനം.
കാവിന്‍റെ ഉടമ, വിസ്തീർണം, മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വിവരങ്ങൾ, പ്രത്യേകതകൾ, വലുപ്പം, എണ്ണം, കാവിലേക്കെത്താനുള്ള വഴി തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിക്കും. താലൂക്ക് അടിസ്ഥാനത്തിൽ ജി.പി.എസ് മാപ്പിങ്ങും നടത്തുന്നുണ്ട്. ഒപ്പം കാവുകൾക്ക് തിരിച്ചറിയൽ കോഡ് നമ്പരും നൽകും. ഇതിൽ നൽകിയാൽ കാവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കും. റവന്യൂ വകുപ്പിന്‍റെ വില്ലേജ് ഭൂപടങ്ങളിൽ കാവുകളും പ്രത്യേകമായി ഉൾപ്പെടുത്തും.
ഒരോ ജില്ലയിലെയും കാവുകളെക്കുറിച്ച് പ്രത്യേക റിപ്പോർട്ടാണ് തയാറാക്കുന്നത്. ഇതിൽ ഒരോ താലൂക്കിലെയും കാവുകളുടെ എണ്ണവും രേഖപ്പെടുത്തിയിട്ടുണ്ട്. കാവുകളുടെ ചിത്രങ്ങൾക്കൊപ്പം അപൂർവമായ സസ്യങ്ങളും പടങ്ങളും ശേഖരിക്കുന്നുണ്ട്.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് കേരളയുടെ ഫീൽഡ് പ്രവർത്തകൾ ഒരോ കാവിലും നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കണക്കെടുപ്പ് പൂർത്തിയായശേഷം കാവുകൾ സംരക്ഷിക്കുന്നവർക്ക് കൂടുതൽ അനുകൂല്യം നൽകുന്നതും വനംവകുപ്പിന്‍റെ പരിഗണനയിലുണ്ട്.
വിവിധ ജില്ലകളിലെ കാവുകളുടെ എണ്ണം
തിരുവനന്തപുരം 452
കൊല്ലം 895
ആലപ്പുഴ 2242
തൃശൂർ 970
കോഴിക്കോട് 1231
കണ്ണൂർ 1096
കാസർകോട് 392
പാലക്കാട് 184
ഇടുക്കി 32
കോട്ടയം 562
പത്തനംതിട്ട 721
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.