സംസ്ഥാനത്തെ കാവുകളുടെ കണക്കെടുത്തു; 9,141സ്വകാര്യ കാവുകൾ, 360 ദേവസ്വം
text_fieldsകോട്ടയം: സംസ്ഥാനത്ത് 10,742 കാവുകൾ. ഇതിൽ 9141 എണ്ണവും സ്വകാര്യഭൂമിയിൽ. വിവിധ ദേവസ്വം ബോർഡുകളുടെ ഉടമസ്ഥതയിലുള്ളത് 360. റവന്യൂഭൂമിയിൽ ഒമ്പതിടത്തും കാവുകളുണ്ട്. അവശേഷിക്കുന്നവ പൊതുട്രസ്റ്റുകളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നിയന്ത്രണത്തിലാണ്. ജൈവകലവറകളായ കാവുകളെ റവന്യൂരേഖകളിൽ അടയാളപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ കണക്കെടുപ്പിലാണ് കണ്ടെത്തൽ.
ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ കാവുകളുള്ളത്-2242; കുറവ് ഇടുക്കിയിലും-32. മൊത്തമുള്ളതിൽ 300ൽ അധികം കാവുകൾ ഒരേക്കറിൽ കൂടുതൽ സ്ഥലത്തായി വ്യാപിച്ചുകിടക്കുമ്പോൾ ബാക്കി ഭൂരിഭാഗവും അരയേക്കറിൽ താഴെയാണ്. സ്വകാര്യഭൂമിയിലുള്ളവയിലേറെയും കുടുംബങ്ങളുടെ ഉടമസ്ഥതയിലാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
വനംവകുപ്പിന് വേണ്ടി വനംവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ സംഘടനയായ 'ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് േകരള'യുടെ നേതൃത്വത്തിലായിരുന്നു വിവരശേഖരണം. അപൂർവ സസ്യങ്ങളടക്കം വളരുന്ന കാവുകളെ സംരക്ഷിക്കാൻകൂടി ലക്ഷ്യമിട്ടാണ് പൂർണവിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചത്. ഇതുവരെ ഇവയുടെ കണക്ക് ലഭ്യമായിരുന്നില്ല.
ആവാസവ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്നത് കണക്കിലെടുത്ത് കേന്ദ്രമടക്കം കാവുകളുടെ സംരക്ഷണത്തിനായി ഫണ്ടുകൾ അനുവദിക്കുന്നുണ്ട്. കൃത്യമായ വിവരങ്ങൾ ഇല്ലാത്തതിനാൽ തുക തുടർച്ചയായി പാഴാകുകയാണ്. ഇതുകൂടി കണക്കിലെടുത്താണ് പൂർണവിവരങ്ങൾ ശേഖരിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ഫണ്ടുകൾ വിനിയോഗിക്കാൻ കഴിയുമെന്നാണ് വനംവകുപ്പിന്‍റെ കണക്കുകൂട്ടൽ. കാവുകളുടെ സംരക്ഷണത്തിനായി നിലവിൽ വനംവകുപ്പ് ചെറിയ തുക ധനസഹായമായി നൽകുന്നുണ്ട്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് വനംവകുപ്പിന്‍റെ ആലോചനയിലുണ്ട്.
കാവിന്‍റെ ഉടമ, വിസ്തീർണം, മരങ്ങളുടെയും ഔഷധസസ്യങ്ങളുടെയും വിവരങ്ങൾ, പ്രത്യേകതകൾ, വലുപ്പം, എണ്ണം, കാവിലേക്കെത്താനുള്ള വഴി തുടങ്ങിയ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒപ്പം കാവുകൾക്ക് തിരിച്ചറിയൽ കോഡ് നമ്പറും നൽകി. ഇത് നൽകിയാൽ കാവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കും. 'ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഫോറസ്റ്റേഴ്സ് േകരള'യുടെ ഫീൽഡ് പ്രവർത്തകർ ഒരോ കാവിലും നേരിട്ടെത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.
കാവുകളുടെ ചിത്രങ്ങൾക്കൊപ്പം അപൂർവമായ സസ്യങ്ങളുടെ പടങ്ങളും ഇവർ ശേഖരിച്ചു. ഇവയെല്ലാം ഉൾപ്പെടുത്തിയ റിപ്പോർട്ട് തയാറായി കഴിഞ്ഞു. ഇത് ഉടൻ വനംവകുപ്പിന് കൈമാറും. ഒാരോ ജില്ലയിലെയും കാവുകളെക്കുറിച്ച് പ്രത്യേക റിപ്പോർട്ടാണ് തയാറാക്കിയത്. ഒാരോ താലൂക്കിലെയും കാവുകളുടെ എണ്ണം, എത്ര സെന്‍റാണ് തുടങ്ങിയവയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ താലൂക്ക്, വില്ലേജ് ഭൂപടങ്ങളിൽ കാവുകളെ പ്രത്യേകമായി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.