കാവ്യ മാധവന് വീണ്ടും നോട്ടീസ് നൽകും; വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ നീക്കം
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്‍റെ ഭാര്യ കാവ്യ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകും. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നിടത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാകുംവിധം നോട്ടീസ് നൽകാനാണ് ആലോചന. മുമ്പ് രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. സ്ഥലത്തില്ലെന്നാണ് ആദ്യം മറുപടി നൽകിയത്. രണ്ടാം തവണ നോട്ടീസ് നൽകിയപ്പോൾ ദിലീപിന്‍റെ ആലുവയിലെ 'പത്മസരോവരം' വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. ഇതിന് ക്രൈംബ്രാഞ്ച് തയാറാകാതെ വന്നതോടെ ചോദ്യം ചെയ്യൽ മുടങ്ങുകയായിരുന്നു.
അന്വേഷണ പുരോഗതി വിലയിരുത്താനും തുടർനടപടി ചർച്ച ചെയ്യാനും കഴിഞ്ഞ ദിവസം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിൽ കാവ്യയെ തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്ത് തീരുമാനമെടുത്തതായാണ് സൂചന. സാക്ഷിയായ സ്ത്രീയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ, അവർ ആവശ്യപ്പെടുന്നിടത്ത് അന്വേഷണസംഘം എത്തണമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയോട് സ്ഥലം തീരുമാനിച്ച് അറിയിക്കാൻ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്ന ദിലീപിന്‍റെ വീട്ടിൽ എത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥർ അംഗീകരിച്ചില്ല. ഈ നിബന്ധന മറികടക്കുന്നതിനുള്ള നിയമസാധുത ക്രൈംബ്രാഞ്ച് പരിശോധിച്ചതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് കാവ്യയെ സംശയനിഴലിൽ നിർത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയിൽ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതി സൈബർ വിദഗ്ധൻ സായ്ശങ്കറിനോട് ശനിയാഴ്ച വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.