മഴു അടുപ്പിക്കില്ല; ഇടശ്ശേരി മാവിന് കായകൽപം ചികിത്സ
text_fieldsപൊന്നാനി: പൊന്നാനി എ.വി ഹയർ സെക്കൻഡറി സ്കൂളിലെ നൂറിലധികം വയസ്സുള്ള ഇടശ്ശേരി മാവിെൻറ പച്ചപ്പ് നിലനിർത്താൻ പദ്ധതികൾ തയാറാക്കുന്നു. പ്രായാധിക്യം കാരണം വേരുകളും തടികളും ദ്രവിച്ചു തുടങ്ങിയ മാവിനെ മഴുവിൽനിന്ന് സംരക്ഷിക്കാണ് പദ്ധതികൾ തയാറാക്കുന്നത്. ഇതിന് മുന്നോടിയായി പൊന്നാനി നഗരസഭ ചെയർമാനുൾപ്പെടെയുള്ളവർ മരം സന്ദർശിച്ചു.
നൂറ്റാണ്ടിലധികം പഴക്കമുള്ള വലിയ മരമായതിനാൽ കായകൽപം ചികിത്സക്ക് സമാനമായ രീതിയിലൂടെ മരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിെൻറ ഭാഗമായി, ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസികളുടെ സേവനവും തേടിയിട്ടുണ്ട്. മാവിെൻറ കൊമ്പുകളും ചില്ലകളും വെട്ടിമാറ്റി ഭാരം കുറക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. ഇതോടെ മരത്തിന് കൂടുതൽ ആയുസ്സുണ്ടാവുമെന്നാണ് പ്രാഥമിക നിഗമനം.
ചിതൽ ബാധിച്ച ഭാഗങ്ങൾ മുറിച്ചുമാറ്റി തടി നിലനിർത്താനുള്ള ആലോചനയുമുണ്ട്. ഇതിൽനിന്ന് പുതു നാമ്പുകൾ തളിർക്കുകയും മരത്തെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നുമാണ് കരുതുന്നത്. ഇതിനായി വൃക്ഷസംരക്ഷണ വിദഗ്ധരുടെ നിർദേശങ്ങളും തേടും. പൊന്നാനി കളരിയുടെ സാഹിത്യ-സാംസ്കാരിക മണ്ഡലത്തിൽ ഏറെ പ്രാധാന്യമുള്ള മരമായതിനാൽ ഇവ സംരക്ഷിക്കാനുള്ള പരമാവധി വഴികൾ തേടുകയാണ് സ്കൂൾ മാനേജ്മെൻറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.