ആൻറണിയെ 'മുഖ്യമന്ത്രി'യാക്കിയ കഴക്കൂട്ടം
text_fieldsതിരുവനന്തപുരം: അടിയന്തരാവസ്ഥ സമയത്ത് രാജൻ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പ്രതിക്കൂട്ടിലായ കാലം.
എങ്ങും കരുണാകരെൻറ രാജിക്കായുള്ള മുറവിളി. ഒടുവിൽ മറ്റു ഗത്യന്തരങ്ങളില്ലാതെ കരുണാകരന് രാജിെവക്കേണ്ടിവന്നു. പകരം കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. എ.കെ. ആൻറണിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനം. പക്ഷേ, അദ്ദേഹത്തെ എവിടെ മത്സരിപ്പിച്ച് നിയമസഭയിേലക്ക് എത്തിക്കണമെന്നത് സജീവ ചർച്ചയായി. പല മണ്ഡലങ്ങളും ഉയർന്നു.
എന്നാൽ, കോൺഗ്രസുകാർക്ക് ഒട്ടും സംശയമില്ലാതിരുന്ന മണ്ഡലമായിരുന്നു കഴക്കൂട്ടം. 1977ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീർ വിജയിച്ച മണ്ഡലത്തിൽ ആൻറണിയെ മത്സരിപ്പിക്കാൻ ഒടുവിൽ പാർട്ടി നേതൃത്വം തീരുമാനിച്ചു.
തലേക്കുന്നിൽ ബഷീർ രാജിെവച്ചൊഴിഞ്ഞ് ആൻറണിക്ക് അവസരമൊരുക്കി. അങ്ങനെ 1977ലെ ഉപതെരഞ്ഞെടുപ്പിൽ 8669 വോട്ടിന് സി.പി.എമ്മിലെ പിരപ്പൻകോട് ശ്രീധരനെ പരാജയപ്പെടുത്തിയാണ് എ.കെ. ആൻറണി കേരളത്തിെൻറ മുഖ്യമന്ത്രിയായത്. എന്നാൽ, കോൺഗ്രസിനെ എന്നും തുണക്കുന്ന മണ്ഡലമായി കഴക്കൂട്ടെത്ത കാണേണ്ട.
രൂപവത്കരണത്തിനു ശേഷം കക്ഷി-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി സ്വതന്ത്രരുൾപ്പെടെയുള്ളവരുടെ കരങ്ങളിൽ ഭദ്രമായി ഒതുങ്ങിയ ചരിത്രമാണ് കഴക്കൂട്ടം മണ്ഡലത്തിനുള്ളത്. 1965ൽ കോൺഗ്രസിലെ എൽ. ലക്ഷ്മണനും 1970 ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലെ പി. നീലകണ്ഠനും 1977ൽ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറുമാണ് കഴക്കൂട്ടത്തുനിന്ന് നിയമസഭയിലെത്തിയത്.
1980ൽ കോൺഗ്രസ്-യു സ്ഥാനാർഥിയായി ജനവിധി തേടിയ എം.എം. ഹസനും നിയമസഭയിലെത്തി. 1982ൽ കോൺഗ്രസ് (എ) ടിക്കറ്റിൽ മത്സരിച്ച ഹസൻ സി.പി.എമ്മിലെ തോപ്പിൽ ധർമരാജനെ പരാജയപ്പെടുത്തി.
മുസ്ലിം ലീഗിലെ നാവായിക്കുളം റഷീദിനെ പരാജയപ്പെടുത്തി 1987ൽ എൽ.ഡി.എഫിലെ നബീസ ഉമ്മാളായിരുന്നു വിജയിച്ചത്. എന്നാൽ, 1991ൽ യു.ഡി.എഫ് എം.വി. രാഘവനെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുത്തു.
1996ൽ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രൻ 24,057 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മണ്ഡലം തിരികെപ്പിടിച്ചു. 2001, '06,'11 ൽ മത്സരിച്ച് യു.ഡി.എഫിലെ എം.എ. വാഹിദ് ഹാട്രിക് ജയം നേടി. എന്നാൽ, 2016 ൽ കടകംപള്ളിയിലൂടെ എൽ.ഡി.എഫ് മണ്ഡലം തിരികെപ്പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.