കഴക്കൂട്ടം വനിത ഉപജീവനകേന്ദ്രം: നഗരസഭ മുക്കാൽ കോടിയലധികം മുടക്കിയിട്ടും പദ്ധതി പൂർത്തിയാക്കിയില്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം : കഴക്കൂട്ടം വനിത ഉപജീവനകേന്ദ്രം മുക്കാൽ കോടിയലധികം തിരുവനന്തപുരം നഗരസഭ മുടക്കിയിട്ടും പദ്ധതി പൂർത്തിയാക്കിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്ക് ഉപജീവന കേന്ദ്രം വിഭാവനം ചെയ്ത പദ്ധതി 2017-18 കാലം മുതൽ ആവിഷ്കരിച്ച് 77.04 ലക്ഷം രൂപ ചിലവഴിട്ടത്. എന്നാൽ, ഇന്നും ഈ കെട്ടിടത്തിന്റെ സ്ട്രക്ച്ചർ വർക്ക് പോലും പൂർത്തിയാക്കാനാകാതെ ലക്ഷ്യം കൈവരിക്കാതെ മുടങ്ങി കിടക്കുകയാണെന്ന് ഓഡിറ്റിൽ കണ്ടെത്തി.
ഓഡിറ്റ് സംഘം നടത്തിയ ഭൗതിക പരിശോധനയിൽ ശേഷിക്കുന്ന പണികളൊന്നും നടക്കാതെ സ്ട്രക്ചർ പോലും പൂർത്തിയാക്കാത്ത നിലയിലാണ് കേന്ദ്രം. നാറാണത്തു കുളത്തിനരികിലുള്ള സൈറ്റിലേക്ക് വെള്ളക്കെട്ടു കാരണം ഓഡിറ്റ് സംഘത്തിന് എത്തിച്ചേരാൻ പോലും സാധിച്ചില്ല. കോസ്റ്റ് ഫോർഡ് പണി ഉപേക്ഷിച്ച നിലയിലാണെന്ന് അസി. എഞ്ചിനീയർ സാക്ഷ്യപ്പെടുത്തി.
ഇത്രമാത്രം വെള്ളക്കെട്ടും, കുളവുമായി അതിർത്തിയുള്ള സ്ഥലം ഇതുപോലെ പരമ പ്രധാനമായ പദ്ധതിക്കുവേണ്ടി തെരഞ്ഞെടുത്തത് വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെയാണ്. ഇതു കാരണം ചിലവേറിയ രീതിയിലുള്ള ഫൗണ്ടേഷൻ കെട്ടിടത്തിന് ആവശ്യമായി വന്നു. അത് പദ്ധതിയുടെ പൂർത്തീകരണത്തിനു പോലും വിലങ്ങു തടിയായി.
2018 മാർച്ചിൽ എഗ്രിമെന്റ് വെച്ചതു പ്രകാരം 12 മാസം കാലാവധിക്കുള്ളിൽ പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, വിർഷങ്ങൾ കഴിഞ്ഞിട്ടും നിർമാണം പൂർത്തീകരിച്ചിട്ടില്ല. സപ്ലിമെന്ററി എഗ്രിമെന്റ് വെക്കുകയോ കാലതാമസത്തിനു പിഴ കോസ്റ്റ് ഫോർഡിൽ നിന്നും ഈടാക്കുകയോ ചെയ്തിട്ടില്ല. ഏക വർഷ പദ്ധതിയായി ഈ പ്രോജക്ട് ആവിഷ്കരിച്ചതിനാൽ 2018-19 ഒഴികെ എല്ലാ വർഷവും വികസന ഫണ്ടിന് പകരം തനതു ഫണ്ട് (ആകെ 38.52 ലക്ഷം രൂപ) നഗരസഭക്ക് വിനിയോഗിക്കേണ്ടിവന്നുവെന്ന് പരിശോധനയിൽ കണ്ടെത്തൽ
പി.ഡബ്ല്യു.ഡി മാന്വൽ പ്രകാരം പ്രവർത്തിയുടെ തൃപ്തികരമായ പൂർത്തീകരണത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയാണ് എസ്റ്റിമേറ്റ് തയാറാക്കേണ്ടത്. എന്നാൽ ഈ പദ്ധതിയുടെ അംഗീകരിച്ച എസ്റ്റിമേറ്റിൽ കെട്ടിടം പൂർത്തീകരിച്ച് ഉപയോഗിക്കുന്നതിന് ആവശ്യമായ ഇലക്ട്രിഫിക്കേഷൻ പ്ലമ്പിങ് ജോലികൾ, ഫിനിഷിങ് പണികൾ, സെപ്റ്റിക് ടാങ്ക് അടങ്ങുന്ന ട്രെയിനേജ് തുടങ്ങിയ സംവിധാനങ്ങൾ ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ല. ഇത് ചട്ട വിരുദ്ധമാണെന്ന് ഓഡിറ്റിൽ ചൂണ്ടിക്കാട്ടി.
2018 മാർച്ചിലാണ് തിരുവനന്തപുരം നഗരസഭയും കോസ്റ്റ്ഫോർഡും തമ്മിൽ കരാർ ഒപ്പിട്ടത്. കരാർപ്രകാരം ജോലികൾ ഏറ്റെടുത്ത് ആരംഭിക്കുന്നത് എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം നഗരസഭ കോസ്റ്റ് ഫോർഡിന് എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പായി ആദ്യ ഗഡു നൽകണം. അടങ്കൽ തുകയുടെ 20 ശതമാനം വീതമുള്ള തുകകൾ രണ്ടും മൂന്നും നാലും ഘട്ടങ്ങളിൽ ചെയ്യുന്ന ജോലിക്ക് നൽകുകയും, അഞ്ചാം ഘട്ടത്തിൽ അടങ്കൽ തുകയുടെ 10 ശതമാനം തുകകൾ ചെയ്ത പണിയുടെ ബില്ല് ഹാജരാക്കിയാൽ ഏഴ് പ്രവർത്തി ദിവസങ്ങൾക്കകം കോസ്റ്റ് ഫോർഡിന് നൽകണമെന്നായിരുന്നു വ്യവസ്ഥ.
അഞ്ചാം ഘട്ടം തുകയും നൽകി കഴിഞ്ഞാൽ ശേഷിക്കുന്ന 10 ശതമാനം തുക, പണികൾ പൂർത്തിയാക്കി അവസാന ബില്ല് കോസ്റ്റ് ഫോർഡ് ഹാജരാക്കി 14 ദിവസത്തിനകം ഈ തുക നൽകണം. വർക്ക് സൈറ്റ് കൈമാറുന്ന തീയതിയോ അടങ്കൽ തുകയുടെ ആദ്യഘട്ടം 20 ശതമാനം തുക കൈമാറുന്ന തീയതിയോ ഇതിൽ ഏതാണ് അവസാനം അന്നു മുതൽ 12 മാസത്തിനകം പണികൾ പൂർത്തിയാക്കണം.
ഒന്നും രണ്ടും ഗഡുക്കൾ 19,26,000 രൂപ വീതം ആകെ 38.52 ലക്ഷം രൂപ 2018-19 ൽ വികസന ഫണ്ടിൽ നിന്നും നൽകി. മൂന്നും നാലും ഗഡുവായി പാർട്ട് ബില്ലുകൾ തയാറാക്കിയപ്പോൾ 2019-ലും 2020-21 ലുമായി 19,25,000 രൂപ വീതം 38:52 ലക്ഷം രൂപ തനതു ഫണ്ടിൽ നിന്നും നൽകി. അങ്ങനെ ആകെ 77.04 ലക്ഷം രൂപ കോസ്റ്റ് ഫോർഡിന് ലഭിച്ചു. 2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ജൂലൈ 2022 വരെ ഫയലിൽ തുടർന്ന് രേഖകളോ ബില്ലുകളോ ഫയലിൽ ലഭ്യമല്ല. മഷർമെന്റ് ബുക്ക് പ്രകാരവും തുടർന്ന് വർക്കുകളൊന്നും നടന്നിട്ടില്ലെന്ന പരിശോധനയിൽ കണ്ടെത്തി. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ മികച്ച ഉദാഹരണമാണ് പാതിവഴിയിലായ ഈ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.