'ഈ കലക്ടറെ വെച്ച് ഒരു പുണ്ണാക്കും നടക്കില്ല' -കൊല്ലം മുൻ കലക്ടർക്കെതിരെ ഗണേഷ് കുമാർ; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നുവെന്ന് അബ്ദുൽ നാസർ
text_fieldsകൊല്ലം: സ്ഥലം മാറിപ്പോയ കൊല്ലം ജില്ല കലക്ടർ ബി. അബ്ദുന്നാസറിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് ബി. നേതാവ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. ഈ കലക്ടറെയും വെച്ച് ഒരു പുണ്ണാക്കും നടക്കില്ലെന്നും രാത്രി പന്ത്രണ്ടരക്ക് ഫേസ്ബുക്കിലിടുന്നതല്ലാതെ ഒരുകുന്തവും നടത്താറില്ലെന്നും ഗണേഷ് പറഞ്ഞു. യാതൊരു തരത്തിലും സഹകരിക്കില്ലെന്ന കലക്ടറുടെ നിഷേധാത്മക നിലപാടാണ് പട്ടയം വിതരണത്തിന് തടസ്സമായതെന്നും പത്തനാപുരത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെ അദ്ദേഹം ആരോപിച്ചു.
'ജനങ്ങളോട് നിഷേധാത്മകമായി പെരുമാറുന്ന കലക്ടർ വിളിക്കുന്ന യോഗങ്ങളിൽ ഒരു പ്രയോജനവുമില്ലാത്തതിനാൽ ഞാൻ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഫേസ്ബുക്കിൽ രാത്രി പന്ത്രണ്ടര മണിക്ക് പോസ്റ്റിടുന്നതല്ലാതെ ഒന്നും ചെയ്യാറില്ല. ഈ കലക്ടറെയും വെച്ച് ഒരു പുണ്ണാക്കും നടക്കില്ല. ഓട്ടയുള്ള കലത്തിൽ വെള്ളം കോരിയിട്ട് കാര്യമുണ്ടോ? ഒാട്ടയുള്ള കലം മാറ്റി വേറൊരു കലം വെച്ചാൽ വെള്ളം കോരാമെന്ന് വിചാരിച്ചു കാത്തിരുന്നു. കലക്ടറേറ്റിൽനിന്ന് വിളിച്ച് യോഗത്തിന് പങ്കെടുക്കണമെന്ന് പറഞ്ഞാൽ 'ആ' എന്നു പറയും. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ച് ചെയ്യുന്നയാളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമനിച്ചതാണ്' -ഗണേഷ് പറഞ്ഞു.
അതേസമയം, എം.എൽ.എക്ക് പരോക്ഷ മറുപടിയുമായി അബ്ദുന്നാസറും രംഗത്തെത്തി. 'ഇതുവരെ മിണ്ടാട്ടം മുട്ടിപ്പോയതാണോ, അതോ ആളില്ലാത്ത പോസ്റ്റിൽ ചുമ്മാ ഒരു ഗോൾ അടിക്കാമെന്ന് വെച്ചതോ..? കൊള്ളാം നേതാവേ..' എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.
എം.എൽ.എയുടെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം, അനുകൂലിച്ചും ചിലർ രംഗത്തുണ്ട്. ഏറെ ജനകീയനായിരുന്ന ബി. അബ്ദുല്‍ നാസര്‍ രണ്ടു വര്‍ഷക്കാലമാണ് ജില്ലയിൽ കലക്ടറായി സേവനമനുഷ്ടിച്ചത്. നിലവിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.