‘കെ.എ.എസുകാർക്ക് ചെയ്യാനുള്ള പണി കെ.എസ്.ആർ.ടി.സിയിലില്ല’ -പ്രതികരണവുമായി ഗതാഗതമന്ത്രി
text_fieldsതിരുവനന്തപുരം: പ്രഫഷനലിസം നടപ്പാക്കാനെത്തിയ നാല് കെ.എ.എസുകാർ സ്ഥാപനം വിട്ടത് കെ.എസ്.ആർ.ടി.സിയെ ബാധിക്കില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
‘കെ.എ.എസുകാർക്ക് ചെയ്യാനുള്ള ജോലിയൊന്നും കെ.എസ്.ആർ.ടി.സിയിലില്ല. എല്ലാം സാങ്കേതിക ജോലികളാണ്. ലഭിച്ച ഉത്തരവാദിത്തങ്ങളിൽ അവർ തൃപ്തരായിരുന്നില്ല. അവരുടെ ചുമതലകൾ കെ.എസ്.ആർ.ടി.സിയിലെ ഉദ്യോഗസ്ഥർക്ക് നൽകും. കെ.എ.എസുകാർക്ക് വാഹനം അനുവദിച്ചിരുന്നു. ഇപ്പോൾ ലഭിച്ച ചുമതലകളിൽ വാഹനമൊന്നുമില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കലാണ് സർക്കാർ നയം. നേരത്തേ കരാർ വ്യവസ്ഥയിൽ മാനേജ്മെന്റ് തലപ്പത്ത് നിയോഗിച്ചവരെയും ഒഴിവാക്കിയിരുന്നെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കെ.എ.എസുകാരെ കെ.എസ്.ആർ.ടി.സിയിൽനിന്ന് മടക്കിവിളിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് സമഗ്ര പുനഃസംഘടന നിഷ്കർഷിക്കുന്ന സുശീൽഖന്ന റിപ്പോർട്ട് അംഗീകരിച്ചതും പ്രഫഷനലിസത്തിന്റെ ഭാഗമായി നാല് കെ.എ.എസുകാരെ കെ.എസ്.ആർ.ടി.സിയിൽ നിയമിക്കാൻ തീരുമാനിച്ചതും. കെ.എസ്.ആർ.ടി.സിയെ മൂന്നു സ്വതന്ത്ര മേഖലകളാക്കി തിരിക്കാനും ഇവർക്ക് ജനറൽ മാനേജർമാരായി ചുമതല നൽകാനുമായിരുന്നു ധാരണ. ബിജു പ്രഭാകറായിരുന്നു ഈ കാലയളവിൽ സി.എം.ഡി. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതോടെ സാഹചര്യങ്ങൾ മാറി. കെ.എ.എസുകാർ സി.എം.ഡിക്ക് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നേരത്തേയുണ്ടായിരുന്നു നിഷ്കർഷ. പിന്നീട് സ്ഥാനക്കയറ്റം നേടിയെത്തിയ എക്സിക്യുട്ടിവ് ഡയറക്ടർമാർക്ക് കീഴിലേക്ക് ഇവരെ മാറ്റാൻ ശ്രമമുണ്ടായി. കാര്യമായ ഉത്തരവാദിത്തങ്ങൾ നൽകിയതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.