കെ.എസ്.ആർ.ടി.സി ചെലവ് ചുരുക്കൽ എങ്ങിനെയെന്ന് രണ്ടാഴ്ചകൊണ്ട് എല്ലാവർക്കും മനസ്സിലാകും -കെ.ബി. ഗണേഷ് കുമാർ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കൽ നടക്കുന്ന കാര്യമല്ലെന്നും എന്നാൽ, നഷ്ടം കുറക്കാനും ചെലവ് ചുരുക്കാനും കഴിയുമെന്നും പുതിയ ഗതാഗത മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. താഴെതട്ടിൽ വരെ താൻ എങ്ങിനെയാണ് ചെലവ് ചുരുക്കുകയെന്ന് രണ്ടാഴ്ച കൊണ്ട് എല്ലാവർക്കും മനസ്സിലാകുമെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ ഗണേഷ് കുമാർ പറഞ്ഞു.
ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ചത്. സ്പെയർ പാർട്സുകൾ ലോക്കൽ പർച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്. ഇതിന് കമീഷൻ വാങ്ങുന്ന ആശാൻമാരുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുമായും പെൻഷനേഴ്സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ വേണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി കൊടുത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ ഒരു രീതിയിലും കേസിലേക്ക് വലിച്ചിഴയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ ഒരാളുടെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ല, അത് ഇഷ്ടവുമല്ല, അതിനൊന്നും സമയവുമില്ല. പലരും എന്ന വേട്ടയാടിയപ്പോൾ പോലും തിരിച്ച് ഒന്നും ചെയ്തിട്ടില്ല. സോളാർ കേസിൽ ഉമ്മക്ക് ചാണ്ടിക്ക് ഏറ്റവും അനുകൂലമായി മൊഴി നൽകിയ ആളാണ് ഞാൻ. അച്ഛൻ എന്നോട് പറഞ്ഞ കാര്യമാണ് ഞാനവിടെ പറഞ്ഞത്. ഞാനെന്റെ വീട്ടിലൊരു സോളാർ പാനൽ വെച്ചു, അതിന് പൈസയും കൊടുത്തു. വേറൊരു ബന്ധവും സോളാറുമായി ഇല്ല.
ഇതൊക്കെ ഇപ്പോഴും ചർച്ച ചെയ്യുന്നത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് വളർച്ചയൊന്നും ഉണ്ടാകില്ല. ഇതൊക്കെ പറഞ്ഞ് നടക്കുന്നത് തന്നെ നാണക്കേടാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് പ്രതിപക്ഷം പറയുന്നതാണ്. കൊട്ടാരക്കര കോടതിയിൽ കേസ് കൊടുത്തതും സാക്ഷി പറഞ്ഞതുമെല്ലാം കോൺഗ്രസുകാർ തന്നെയാണ്" -ഗണേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.