മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ജീര്‍ണിച്ച ഭരണത്തിനുമെതിരായ വികാരമാണ് പ്രതിഫലിച്ചത് -കെ.സി. വേണുഗോപാല്‍
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനും എതിരായ അതിതീവ്രവികാരമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനം ഈ ജനവിധിയിലൂടെ എല്‍.ഡി.എഫ് സര്‍ക്കാറിന് കൃത്യമായ സന്ദേശം നല്‍കി. കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശം നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലമാണിത്. ഐക്യത്തോടുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ കൂടി വിജയമാണിത്.
പുതുപ്പള്ളിയില്‍ യഥാര്‍ത്ഥ സി.പി.എം അനുഭാവികളുടെ വോട്ടും യു.ഡി.എഫിന് ലഭിച്ചു. അവര്‍ക്ക് പിണറായി ഭരണത്തെ അത്രത്തോളം മടുത്തു. ബി.ജെ.പിയുടെ പിന്തുണ കോണ്‍ഗ്രസിന് വേണ്ട. അവരുമായി ഒരിക്കലും സന്ധിചെയ്യാത്ത പ്രസ്ഥാനം കോണ്‍ഗ്രസാണ്. അത്തരം ഒരു ആരോപണം സി.പി.എം ഉന്നയിക്കുന്നത് തോല്‍വിയുടെ ആഘാതത്തിന്റെ ജാള്യത കുറയ്ക്കാനാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ ചാണ്ടിയുടെ ജനസ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണ്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സി.പി.എമ്മിന്‍റെ രാഷ്ട്രീയത്തിനെതിരായ ജനവികാരവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.