രാജ്യസ്നേഹത്തിന്‍റെ കണിക അവശേഷിക്കുന്നെങ്കിൽ കെ.ടി. ജലീലിനെ പിണറായി തള്ളിപ്പറയണമെന്ന് കെ.സി. വേണുഗോപാൽ
text_fieldsതൃശൂർ: രാജ്യസ്നേഹത്തിന്‍റെ കണിക അവശേഷിക്കുന്നുവെങ്കിൽ പിണറായി വിജയൻ കെ.ടി. ജലീൽ എം.എൽ.എയെ തള്ളിപ്പറയാൻ തയാറാവണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യസ്നേഹത്തിന്‍റെ കപട കുപ്പായമണിഞ്ഞ് ശുദ്ധ തട്ടിപ്പാണ് സി.പി.എം നടത്തുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. തൃശൂരിൽ ഡി.സി.സിയുടെ നേതൃത്വത്തിലുള്ള നവസങ്കൽപ് പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെറ്റുപറ്റിയെന്ന് സമ്മതിക്കുകയല്ല, വിമർശനമൊഴിവാക്കാൻ പോസ്റ്റ് പിൻവലിക്കുന്നുവെന്ന ഔദാര്യമാണ് ജലീൽ കാണിച്ചത്. ഇത്തരക്കാരെ പുറത്താക്കി വേണം ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കാൻ.
വിമർശിക്കുന്നവരെ കാരാഗൃഹത്തിൽ അടക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. എതിർക്കുന്നവരെയും വിയോജിക്കുന്നവരെയും അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്വന്തം പക്ഷത്തേക്ക് മാറ്റിയെടുത്ത് വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണോ ബി.ജെ.പിയെന്ന് വേണുഗോപാൽ ചോദിച്ചു. കോൺഗ്രസിന്‍റെ ആത്മാവിന്‍റെ ഭാഗമാണ് ത്രിവർണ പതാക. ഇന്നലെവരെ, സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന് പറഞ്ഞിരുന്നവർ മോദിയുടെ പിന്നാലെകൂടി രാജ്യസ്നേഹം പറഞ്ഞ് പതാകയുയർത്താൻ ഇറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സി.പി.എമ്മിനെ പരിഹസിച്ചു.
ആര്‍.എസ്.എസ് ദേശീയ പതാകയെ അംഗീകരിച്ചതിൽ സന്തോഷമുണ്ട്. ആര്‍.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ പതാക വർഷങ്ങളോളം ഉയർത്തിയിട്ടില്ല. ഇപ്പോൾ ആര്‍.എസ്.എസ് പ്രൊഫൈലുകൾ ദേശീയ പതാകയാക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.