പാർട്ടി വിട്ടാൽ കൊല്ലുന്നവരാണ് ഞങ്ങളോട് ജനാധിപത്യത്തെ കുറിച്ച് പറയുന്നത് -സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ
text_fieldsപാർട്ടിയിൽനിന്ന് പുറത്തുപോകുന്നവരെ കൊല്ലുന്ന പാർട്ടിയാണ് ഇപ്പോൾ ഞങ്ങളോട് വലിയ ജനാധിപത്യത്തെ കുറിച്ച് പറയുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ. കെ.വി. തോമസിനെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കിയ കോൺഗ്രസ് നടപടിക്കെതിരെ സി.പി.എം നേതാക്കൾ നടത്തുന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കോൺഗ്രസിന്റെ പരിപാടികളിൽ പങ്കെടുക്കാൻ സി.പി.എമ്മിന്റെ ആരെ വിളിച്ചാലും പാർട്ടി വിടാറുണ്ടെന്നാണ് ഇന്നലെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോടിയേരി ചരിത്രത്തെ വിസ്മരിക്കരുത്. ആരായിരുന്നു മാർക്സിസ്റ്റ് പാർട്ടിക്ക് ഗൗരിയമ്മ? എന്തായിരുന്നു ഗൗരിയമ്മയെ പുറത്താക്കാൻ കാരണം? മുഖ്യമന്ത്രി കെ. കരുണാകരൻ ഒരു വികസന സെമിനാറിൽ ക്ഷണിച്ചു എന്നതിന്റെ പേരിലാണ് ഇത്രയും വലിയ പാരമ്പര്യമുള്ള ഗൗരിയമ്മയെ പുറത്താക്കിയത്.
എം.വി രാഘവനെ വിളിച്ച് ഒരു ചായ കൊടുത്തു എന്നതിന്റെ പേരിലായിരുന്നു എന്റെ നാട്ടുകാരനായ സി.പി.എം നേതാവ് പി. ബാലൻ മാസ്റ്ററെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നിഷ്കരുണം പുറത്താക്കിയത്. ചരിത്രത്തെ കോടിയേരി തമസ്കരിക്കരുത്. സി.പി.എമ്മാണ് ഇവിടെ ഏറ്റവും കൂടുതൽ അസഹിഷ്ണുത കാണിക്കുന്ന പാർട്ടി. മറ്റുപാർട്ടികളുമായി സഹകരിക്കാൻ ഏറ്റവും കൂടുതൽ വിലക്ക് ഏർപ്പെടുത്തുന്ന പാർട്ടി സി.പി.എമ്മാണ് -വേണുഗോപാൽ പറഞ്ഞു.
കെ.വി. തോമസിന്റെ വിഷയത്തിൽ എന്തുനടപടി വേണമെന്ന് കേരളത്തിലെ പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം പാർട്ടി കോൺഗ്രസിൽ കെ.വി. തോമസ് പങ്കെടുക്കുന്നതല്ല, സി.പി.എം നേതാവ് ജി. സുധാകരൻ പങ്കെടുക്കാത്തതാണ് ചർച്ച ചെയ്യേണ്ടത്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ശ്രദ്ധാകേന്ദ്രമായി തങ്ങളുടെ ഒരു നേതാവ് മാറുന്നത് അഭിമാനകരമായ കാര്യമാണെന്നും വേണുഗോപാൽ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.