കോൺഗ്രസിൽ നിർണായക ചർച്ച; പദയാത്രക്ക് അവധി നൽകി രാഹുൽ ഡൽഹിക്ക്; വേണുഗോപാലിനെയും സോണിയ വിളിപ്പിച്ചു
text_fieldsആലപ്പുഴ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പായ സാഹചര്യത്തിൽ നിർണായക ചർച്ചകൾക്കായി രാഹുൽ ഗാന്ധി ഡൽഹിക്ക്. ഭാരത് ജോഡോ യാത്രക്ക് ഒരു ദിവസത്തെ അവധി നൽകി രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലെത്തും. ലണ്ടനിൽ നിന്ന് ചികിത്സ പൂർത്തിയാക്കി എത്തിയ സോണിയ ഗാന്ധിയെ സന്ദർശിക്കാനാണ് രാഹുൽ ഡൽഹിയിലെത്തുന്നതെന്നാണ് ഉന്നത നേതൃത്വം വ്യക്തമാക്കുന്നത്. ശനിയാഴ്ച കേരളത്തിലെത്തുന്ന രാഹുൽ ചാലക്കുടിയിൽ നിന്ന് പദയാത്രയുടെ ഭാഗമാകും.
അതിനിടെ,സോണിയ ഗാന്ധി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഡൽഹിക്ക് വിളിപ്പിച്ചു. ഇതേതുടർന്ന് രാഹുൽ ഗാന്ധിക്കൊപ്പം പദയാത്ര പങ്കെടുത്തിരുന്ന വേണുഗോപാൽ ആലപ്പുഴയിൽ നിന്ന് ഡൽഹിക്ക് തിരിച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച സംഘടനാ ചർച്ചകൾക്കായാണ് വേണുഗോപാലിനെ വിളിപ്പിച്ചെന്നാണ് റിപ്പോർട്ട്. സോണിയയുമായുള്ള കൂടിക്കാഴ്ച പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങുന്ന വേണുഗോപാൽ പദയാത്രയുടെ ഭാഗമാകും.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ അശോക് ഗെഹ്ലോട്ടും ശശി തരൂരും മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ സോണിയ ഗാന്ധിയെ സന്ദർശിച്ച തരൂർ സ്ഥാനാർതിയാകുന്ന വിവരം അറിയിച്ചു. തരൂരിന്‍റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന പ്രമേയം രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബിഹാർ, തമിഴ്‌നാട്, ജമ്മു പി.സി.സികൾ പാസാക്കിയെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിൽ തന്നെയാണ് അദ്ദേഹം. ഇതോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അശോക് ഗെഹ്‌ലോട്ട് നോമിനിയായത്. ഗെഹ്‌ലോട്ട് 26ന് നാമനിർദേശപത്രിക സമർപ്പിക്കും.അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബം നിഷ്പക്ഷത തുടരുമെന്ന് സോണിയ തരൂരിന് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്.
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രമേയം പാസാക്കും. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രമേയം പാസാക്കാനായി കെ.പി.സി.സി യോഗം ചേരുക.
എന്നാൽ, നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിന്‍റെ പിന്തുണ ഉണ്ടാകൂവെന്ന് കെ. മുരളീധരൻ എം.പി പ്രതികരിച്ചു. തരൂരിന്‍റെ സ്ഥാനാർഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. മത്സരിക്കാൻ തരൂർ ഒറ്റക്കെടുത്ത തീരുമാനമാണെന്നും പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത് മുതൽ രാഹുൽ ഗാന്ധിക്കൊപ്പം മുഴുവൻ സമയം കെ.സി. വേണുഗോപാൽ ഉണ്ട്. നിലവിൽ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുന്ന പദയാത്ര വൈകിട്ട് എറണാകുളം ജില്ലയിൽ പ്രവേശിക്കും.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെ 18 ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.