കെ.സി. വേണുഗോപാൽ ബി.ജെ.പി ഏജന്‍റ്, വി.ഡി. സതീശനുള്ള മറുപടി നിയമസഭയിൽ -പി.വി. അൻവർ
text_fieldsമലപ്പുറം: തനിക്കെതിരായ വിവാദങ്ങൾ പ്രതിപക്ഷം സൃഷ്ടിച്ചതാണെന്നും ജനങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്നും നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. ആഫ്രിക്കയിൽനിന്ന് മടങ്ങിയെത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ എം.എൽ.എ ആഫ്രിക്കയിൽ ബിസിനസ് ചെയ്യുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാനാണ് പി.വി. അൻവർ വാർത്താസമ്മേളനം വിളിച്ചുചേർത്തത്.
'നിലമ്പൂരിലെ കോൺഗ്രസുകാർ പി.വി. അൻവറിനെ തെരഞ്ഞ് ടോർച്ച് അടിക്കേണ്ട ആവശ്യമില്ല. താൻ നിലമ്പൂരിലെ ജനങ്ങളോടൊപ്പം എപ്പോഴുമുണ്ട്. ടോർച്ച് അടിക്കേണ്ടത് ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ അടുത്തേക്കാണ്. ഇന്ത്യയിൽ കോൺഗ്രസ് ആകമാനം തകർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ കോൺഗ്രസിനെ തകർത്തുകൊണ്ടിരിക്കുകയാണ്.
കോൺഗ്രസിലെ ബി.ജെ.പിയുടെ നമ്പർവൺ ഏജന്‍റാണ് അദ്ദേഹം. കർണാടകയിൽ ഭരണം ഇല്ലാതാക്കി. ഗോവയിൽ ഭരണത്തിൽ കയറാനുള്ള അവസരം കളഞ്ഞുകുളിച്ചു. പഞ്ചാബിലും കോൺഗ്രസിനുള്ളിൽ അടിയാണ്.
ഇനി കേരളത്തിലെ കോൺഗ്രസിനെയാണ് അദ്ദേഹം തകർക്കാൻ നോക്കുന്നത്. കെ.സി. വേണുഗോപാലിന്‍റെ നോമിനിയായിട്ടാണ് കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റാകുന്നത്. നാളെ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ' -പി.വി. അൻവർ പറഞ്ഞു.
മന്ത്രിപദം നൽകിയാൽ മാത്രമേ താൻ തിരിച്ചുവരികയുള്ളൂ എന്ന് പറഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് വി.എസ്. ജോയിക്കെതിരെയും പി.വി. അൻവർ ആഞ്ഞടിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ അടിച്ചുവാരാൻ യോഗ്യതയില്ലാത്ത ഒരുത്തൻ അധ്യക്ഷനായാൽ ഇതും ഇതിലപ്പുറവും പറയുമെന്ന് പി.വി. അൻവർ പരിഹസിച്ചു.
'അഡ്വ. ജയശങ്കറിനെ പോലുള്ള പരനാറികൾ തന്നെക്കുറിച്ച് തെമ്മാടിത്തരങ്ങൾ വിളിച്ചുപറയുകയാണ്. എം.എൽ.എയോ പാർട്ടിയുടെ നേതൃത്വത്തിലോ വന്നാൽ തെമ്മാടിത്തരം കേട്ട് സഹിക്കണമെന്നാണ് ഇവരുടെ ധാരണ. വിമർശനം അതിരുവിട്ടാൽ അതേ രീതിയിൽ തിരിച്ചടിക്കും.
എന്നുകരുതി വി.ഡി. സതീശൻ പറഞ്ഞതുപോലെയുള്ള തെറിയൊന്നും തനിക്ക് പറയാനാകില്ല. അദ്ദേഹത്തിന്‍റെ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകും. വി.ഡി. സതീശൻ മണി ചെയിൻ നടത്തി നിരവധി പേരിൽനിന്നാണ് പണം തട്ടിയിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന കേസിന്‍റെ അവസ്ഥ എന്തായെന്നും നിയമസഭയിൽ ചോദിക്കും.
ചില മുസ്ലിയാക്കൻമാരെ മുന്നിൽനിർത്തി മുസ്ലിം ലീഗ് സമുദായത്തെ കൊള്ളയടിക്കുകയാണ്. ഇത് മനസ്സിലാക്കി വലിയൊരു വിഭാഗം ആളുകൾ സി.പി.എമ്മിലേക്ക് വരികയാണ്' -പി.വി. അൻവർ കൂട്ടിച്ചേർത്തു.
ആഫ്രിക്കയിൽ ഇപ്പോൾ വളരെ അനുകൂലമായ സാഹചര്യമാണെന്നും അവിടെ നല്ല തൊഴിലാളിയായി അധ്വാനിക്കുകയാണെന്നും പി.വി. അൻവർ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.