മുനമ്പത്ത് ശാശ്വത പരിഹാരം കാണണമെന്ന് കെ.സി വേണുഗോപാല്‍; ‘സംഘ്പരിവാറിന് സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കി’
text_fieldsകണ്ണൂർ: മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരം സര്‍ക്കാര്‍ കാണണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. മുനമ്പം വിഷയത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിയിറക്കല്‍ ഭീഷണി നേരിടുന്ന അന്തേവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ മനഃപൂര്‍വമായ കാലതാമസം വരുത്തി. സംഘ്പരിവാറിന് വിഷലിപ്തമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു.വര്‍ഗീയ ശക്തികള്‍ക്ക് എല്ലാ ആയുധവും നല്‍കുകയാണ് മുഖ്യമന്ത്രിയെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
സമരം ഉണ്ടായപ്പോള്‍ തന്നെ പ്രശ്‌നബാധിതരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പ് അവര്‍ക്ക് നല്‍കിയില്ല. സമരക്കാരുടെയും മുസ് ലിം സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ സമൂഹത്തെ മലീമസമാക്കുന്ന ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയ ഇടപെടലിനെ ഒഴിവാക്കാമായിരുന്നു.
മുസ് ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വളരെ പോസിറ്റീവായ നിലപാടാണ് ഈ വിഷയത്തില്‍ സ്വീകരിച്ചത്. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നതിന് സര്‍ക്കാര്‍ ഗുരുതരമായ കാലതാമസം വരുത്തി. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ക്വട്ടേഷന്‍ ചിലർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരേന്ത്യയിലേത് പോലെ കേരളത്തില്‍ സാമുദായിക സംഘര്‍ഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
മുനമ്പം വിഷയത്തില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരായ കുടുംബങ്ങളോടൊപ്പമാണ് കോണ്‍ഗ്രസ്. അവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം എന്നതാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാലതിന് മുതിരുന്നതിന് പകരം സംഘ്പരിവാറിന് മുതലെടുപ്പ് നടത്താന്‍ എല്ലാ അവസരവും ഇടതു സര്‍ക്കാര്‍ നല്‍കി. സി.പി.എം ഇക്കാര്യത്തില്‍ ബി.ജെ.പിയുമായി ഡീലുണ്ടാക്കിയിട്ടുണ്ടെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.