ഭാരത് ജോഡോ യാത്ര : രാഹുല്‍ഗാന്ധിയുടെ ചരിത്ര ദൗത്യമെന്ന് കെ.സി വേണുഗോപാല്‍
text_fieldsതിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ബുധനാഴ്ച തുടക്കമാകും. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകീട്ട് അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനമെന്ന് ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിരം പദയാത്രികരും അണിചേരും.
മഹാത്മാഗാന്ധിയുടെ സാന്നിധ്യവും പ്രവര്‍ത്തനമേഖലയും കൊണ്ട് ശ്രദ്ധേയമായ സബര്‍മതി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി രാഹുല്‍ഗാന്ധി സന്ദേശം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ചര്‍ക്ക ആശ്രമത്തിലെ അന്തേവാസികള്‍ രാഹുല്‍ഗാന്ധിക്ക് സമ്മാനിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് രാജീവ്ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരില്‍ എത്തി രാഹുല്‍ഗാന്ധി പ്രാർഥന നടത്തും. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകീട്ട് മൂന്നിന് തിരുവള്ളൂര്‍ സ്മാരകം സന്ദര്‍ശിക്കുന്ന രാഹുല്‍ഗാന്ധി, വിവേകാനന്ദ സ്മാരകത്തിലും കാമരാജ് സ്മാരകത്തിലും സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കുചേരും.
യാത്രയില്‍ ഉടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍ നിന്ന് സ്വീകരിക്കും.
കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്ന പരിതസ്ഥിതി അതിദയനീയമാണെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. എല്ലാ മേഖലയിലും ഇന്ത്യ വലിയ വെല്ലുവിളിയാണ് നേരിടുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് ഇങ്ങനെയൊരു പദയാത്ര നടത്തുന്നത്. ആറുമാസം കൊണ്ട് 3500 ലധികം കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണ്.
രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ മോദി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു. വര്‍ഗീയമായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്നതാണ് അവരുടെ തന്ത്രം. ജനങ്ങളില്‍ മതാന്ധത വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടത്തിന് കളമൊരുക്കുന്നു. അധികാര കേന്ദ്രീകരണത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച സര്‍ക്കാരാണിത്. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നു. എംഎല്‍എമാരെ വിലക്ക് വാങ്ങുന്നു. രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സിബിഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.
മാധ്യമങ്ങള്‍ക്ക് പോലും നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്. മാധ്യമ അജണ്ട തീരുമാനിക്കുന്നത് പോലും കേന്ദ്രസര്‍ക്കാരാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഒന്നും എഴുതാന്‍ കഴിയാത്ത സ്ഥിതിയിലെത്തി ദേശീയ മാധ്യമങ്ങള്‍. ബി.ജെ.പി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ജനവികാരം രൂപീകരിക്കുകയെന്നതാണ് രാഹുല്‍ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
ഭാരത് ജോഡോ യാത്ര കാശ്മീരില്‍ സമാപിക്കുമ്പോള്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ദുഷ്പ്രവണതകള്‍ക്കെതിരെ ജനങ്ങളുടെ പോരാട്ടം ശക്തമാകുമെന്ന് ഉറപ്പുണ്ട്. സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പോരാടിയ കോണ്‍ഗ്രസ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുമ്പോള്‍ അതിനോടൊപ്പം ജനങ്ങള്‍ അണിചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവരും അണിചേരുന്ന പരിപാടിയാണിതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.