കേരളത്തിൽ ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥ -കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: ചങ്ങലക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് കേരളത്തിലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ജനാധിപത്യ രാഷ്ട്രീയത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അവരെ നേരിടുന്ന രീതി കേരളത്തിന് ഇന്നുവരെ പരിചയമില്ലാത്തത്ര മൃഗീയമാണെന്നും ഇതൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്നും വേണുഗോപാൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ആഢംബര ഉല്ലാസയാത്രക്കെതിരെ വിദ്യാര്‍ഥികളും യുവാക്കളും ന്യായമായും പ്രതിഷേധവുമായി രംഗത്തുവരും. ആലപ്പുഴയില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസിനെയും സംസ്ഥാന സെക്രട്ടറി അജയ് ജുവലിനെയും ഭീകരമായിട്ടാണ് മര്‍ദ്ദിച്ചത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതാണ് അവര്‍ ചെയ്ത കുറ്റം. അതിനാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കെ.എസ്.യു കുട്ടികളെ പിന്തുടര്‍ന്ന് ക്രൂരമായി തലതല്ലിപൊളിച്ചത്. ഇത് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് ആക്രമിക്കുകയും ചെയ്തു. ശബരിമലയില്‍ അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസില്ല, അപ്പോഴാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനും പ്രതിഷേധക്കാരെ തല്ലിച്ചതക്കാനും അതിനൊപ്പം ചേരുന്ന സി.പി.എം ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കാനും കാവല്‍ നില്‍ക്കുന്നത്. സി.പി.എം ക്രിമിനലുകള്‍ അക്രമം നടത്തുമ്പോള്‍ കാഴ്ചക്കാരാണ് പൊലീസ്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് സി.പി.എം പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
സി.പി.എമ്മും പിണറായി സര്‍ക്കാരും കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുകയാണോ എന്ന് വേണുഗോപാൽ ചോദിച്ചു. പിണറായി വിജയന്‍ എക്കാലവും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമെന്ന് പൊലീസുകാര്‍ വിചാരിക്കേണ്ട. അത് മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ നന്ന്. ഞങ്ങളുടെ കുട്ടികളെ പേപ്പട്ടിയെ പോലെ തല്ലിച്ചതക്കാന്‍ പൊലീസുകാര്‍ കൂട്ടുനില്‍ക്കുന്നു. അങ്ങനെ ഒരാള്‍ക്കും എഴുതികൊടുത്ത നാടല്ല കേരളം. അക്രമ ആഹ്വാനം കോണ്‍ഗ്രസ് ശൈലിയല്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ പെരുമ്പാവൂര്‍ ആഹ്വാനത്തിന് ശേഷം സി.പി.എം വ്യാപക അക്രമം അഴിച്ചുവിടുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും അതിക്രമം തുടര്‍ന്നാല്‍ അതിന് പിണറായി സര്‍ക്കാര്‍ വലിയ വിലനല്‍കേണ്ടി വരുമെന്നും വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.