കോച്ച് മനുവിനെതിരായ പരാതി: വലിയവീഴ്ച സംഭവിച്ചു -കെ.സി.എ
text_fieldsതിരുവനന്തപുരം: കോച്ച് മനുവിനെതിരായ പരാതിയില്‍ വലിയവീഴ്ച സംഭവിച്ചതായി സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്. ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ തിരിച്ചെടുത്തത്. മാതാപിതാക്കളുടെയും കുട്ടികളുടെയും അവശ്യപ്രകാരമായിരുന്നു ഇത്. പരാതിയില്‍നിന്ന് പിന്മാറാന് കെ.സി.എ ഒരു രക്ഷിതാവിനോടും ആവശ്യപ്പെട്ടിട്ടില്ല. മനുവിന്റെ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കേസന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന് സഹകരിക്കുന്നുണ്ടെന്നും കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പെൺകുട്ടികളെ കോച്ച് മനു പീഡിപ്പിച്ച വാർത്ത പുറത്തുവന്ന് ഒരു മാസത്തിന് ശേഷമാണ് കെ.സി.എ പ്രതികരിക്കുന്നത്. ജൂൺ 12നാണ് പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തത്.
2012 ഒക്ടോബര്‍ 12ന് പരിശീലകനായി എത്തിയ മനുവിനെതിരെ 2022ലാണ് ആദ്യ ആരോപണമുണ്ടായത്. അന്ന് ആരും പരാതി നൽകിയിരുന്നില്ല. ചൈൽഡ് ലൈനും പൊലീസും അന്വേഷണവുമായി എത്തുമ്പോഴാണ് അസോസിയേഷൻ പീഡനവിവരം അറിയുന്നത്. അന്ന് പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയെങ്കിലും ചില കുട്ടികളും രക്ഷിതാക്കളും അയാള്‍ക്കുവേണ്ടി രംഗത്തെത്തി. ഇവർ അനുകൂല മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസിൽ ജാമ്യം ലഭിക്കുകയും തെളിവില്ലെന്നുകണ്ട് കോടതി വെറുതെവിടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇയാളെ പരിശീകനായി തുടരാന്‍ അനുവദിച്ചത് -ജയേഷ് ജോർജ് പറഞ്ഞു.
നേരത്തേ മനുവിന് അനുകൂലമായി മൊഴി നൽകിയ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ അസോസിയേഷൻ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ മനു രാജിക്കത്ത് നൽകി. നോട്ടീസ് കാലാവധി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് തുടരാൻ അനുവദിച്ചു. ഇതിനിടെയാണ് പിങ്ക് ടൂർണമെന്റ് നടന്നത്. ആ സമയത്തൊന്നും ലൈംഗികാരോപണം ഉയർന്നിട്ടില്ല.
നേരത്തേ ഇവിടെ പരിശീലനം നേടിയ ഒരു പെണ്‍കുട്ടിയും രക്ഷിതാവും ജൂണ്‍ ആദ്യ ആഴ്ചയിലാണ് മനുവിനെതിരെ മറ്റൊരു പരാതിയുമായി പൊലീസിനെ സമീപിച്ചത്. അവർ അസോസിയേഷനോട് ഇതേകാര്യം വാക്കാൽ പറഞ്ഞിരുന്നു. ഈ പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് 2018ലാണെന്നും ജയേഷ് പറഞ്ഞു. സെക്രട്ടറി വിനോദ് എസ്. കുമാറും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.