ക്രിക്കറ്റ് പരിശീലകൻ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: നഗ്നദൃശ്യങ്ങളും വിഡിയോകളും ചിത്രീകരിച്ച ഫോൺ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പരിശീലകൻ മനുവിന്‍റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നിന്നാണ് പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളും വിഡിയോകളും ചിത്രീകരിച്ച ഫോൺ കന്‍റോൺമെന്‍റ് പൊലീസ് പിടിച്ചെടുത്തത്.
വിഡിയോകളും ചിത്രങ്ങളും ഡിലീറ്റ് ചെയ്തതിനാൽ ഫോൺ ശാസ്ത്രീയ പരിശോധനക്കും മറ്റുമായി പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് കൈമാറി. കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ഇയാളെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പീഡനം നടന്നെന്ന് പെൺകുട്ടികൾ ആരോപിച്ച തെങ്കാശിയിലും കെ.സി.എ ആസ്ഥാനത്തും പൊലീസ് ഇയാളുമായി തെളിവെടുപ്പ് നടത്തി. തുടർന്ന് വീട്ടിലും പരിശോധന നടത്തി. ആറ് പരാതികളിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതെങ്കിലും ഇതിൽ ഒരു പരാതി മാത്രമാണ് മനു സമ്മതിച്ചത്.
2021ൽ പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ കെ.സി.എ ആസ്ഥാനത്തെ ശുചിമുറിയിൽവെച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയശേഷം പീഡിപ്പിച്ചു. തുടർന്ന് 2023ലും തെങ്കാശിയിൽ ക്രിക്കറ്റ് ടൂർണമെന്‍റിനിടെയും ഈ ചിത്രങ്ങൾ കാട്ടി വീണ്ടും പീഡിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ സമ്മതത്തോടെയാണ് ഇതെന്നാണ് മനുവിന്‍റെ വാദം. അതേസമയം അവസരം നിഷേധിക്കുമെന്നുവരെ ഭീഷണിപ്പെടുത്തി മനു പീഡിപ്പിച്ചിരുന്നതായി പൊലീസിന് മറ്റ് പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.
കെ.സി.എ ആസ്ഥാനത്തെ വിശ്രമമുറിയിലും ശുചിമുറിയിലും വെച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. അസ്വസ്ഥകളുണ്ടായിരുന്നപ്പോഴും കഠിനമായി പരിശീലിപ്പിച്ചു. തലയിലേക്ക് ബോള്‍ വലിച്ചെറിഞ്ഞു. വേദനസംഹാരിക്ക് പകരം മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. പുറത്തുപറഞ്ഞാൽ അവസരം നിഷേധിക്കുമെന്നായിരുന്നു ഭീഷണിയെന്നുമാണ് പരാതി. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ മനുവിനെ റിമാൻഡ് ചെയ്തു.
അതേസമയം മനുവിന്‍റെ വിഷയത്തിൽ ഗുരുതരമായ വീഴ്ച കെ.സി.എയുടെ ഭാഗത്തുനിന്നുണ്ടായെന്ന വിമർശനം ശക്തമാണ്. പരാതികൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ മനുവിനോട് കെ.സി.എ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം മനു രാജി സമർപ്പിച്ചു. എന്നാൽ പിന്നീട് തിരുവനന്തപുരത്ത് നടന്ന പിങ്ക് ടൂർണമെന്‍റിലും ഒരു ടീമിന്‍റെ പരിശീലകനായി മനുവിനെ കെ.സി.എ നിയോഗിച്ചു. അതേസമയം കഴിഞ്ഞ ഏപ്രിലിൽ കെ.സി.എക്ക് പരാതി അയച്ച രക്ഷിതാവ് തന്‍റെ ഇ-മെയിൽ ഐ.ഡി ഹാക്ക് ചെയ്തതായി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. മനുവിനെതിരെ കെ.സി.എക്കയച്ച ഇ-മെയിലുകളടക്കം നീക്കം ചെയ്തതായാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.