ഒരൊറ്റ ചവിട്ടു കൊണ്ട് കെ-റെയിലിന് ഭൂമിയെടുക്കാൻ ശ്രമം; സർക്കാറിനെതിരെ കെ.സി.ബി.സി
text_fieldsകൊച്ചി: ഒരൊറ്റ ചവിട്ടുകൊണ്ട് കെ-റെയിലിന് മുഴുവന്‍ ഭൂമി അളന്നെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് കുറ്റപ്പെടുത്തി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ മീഡിയ കമീഷൻ. തിരുവനന്തപുരം കണിയാപുരം കരിച്ചാറയില്‍ സംഭവിച്ചത് അധികാരത്തിന്റെ അഹന്തയാണെന്നും സെക്രട്ടറി ഫാ. ഡോ. എബ്രഹാം ഇരിമ്പിനിക്കല്‍ വാർത്തക്കുറിപ്പിൽ പറഞ്ഞു.
പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാന്‍ തെരുവില്‍ പൗരന്മാരെ നേരിടുകയാണ്. ഇതിനെ അഹങ്കാരം എന്നല്ലാതെ എന്തുവിളിക്കും. മൂന്നാംകിട ഏകാധിപത്യമാണ് സ്വന്തം പൗരന്മാരുടെ ആശങ്കകളോട് ഇത്രയധികം ധാര്‍ഷ്ട്യം കാണിക്കുന്നത്. രാഷ്ട്രീയ-മത വര്‍ഗീയ കൊലപാതകികള്‍ക്ക് വി.ഐ.പി പരിഗണന നൽകുന്നവരാണ് സാധാരണക്കാരനെ തെരുവില്‍ തള്ളിയിടുന്നതും ചവിട്ടുന്നതും.
പൗരന്മാര്‍ക്ക് മൂന്നാംകിട പരിഗണന നൽകുന്ന നാട് മൂന്നാംകിട ഭരണാധികാരിയുടേതാണ്. സംഘടിതരായി വോട്ട് നിഷേധിക്കാനും തെരുവില്‍ വെട്ടാനും അറിയുന്നവരോട് സൗമ്യമായി പൊലീസും ഭരണാധികാരികളും ഇടപെടുന്നതും നമ്മള്‍ കാണുന്നുണ്ട്. ഇത് സംസ്‌കാരമുള്ള ഒരു ജനതക്കും ഒരുകാലത്തും ചേര്‍ന്ന നടപടിയല്ല.
കിടപ്പാടവും സ്വപ്നവും നഷ്ടമായി തെരുവില്‍ നിലവിളിക്കുന്നവന്റെ നെഞ്ചില്‍ ബൂട്ടിട്ടു ചവിട്ടുന്നത് ഫാഷിസവും ഏകാധിപത്യവുമാണ്. അത് ഡല്‍ഹിയിലായാലും കേരളത്തിലായാലും തെറ്റാണ്. ഒരു നാട് മികച്ചതാകുന്നത് അവിടത്തെ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്ന് മികച്ച സേവനം ലഭിക്കുമ്പോഴാണ്. അതിലാണ് വേഗത ആദ്യം കാണിക്കേണ്ടത്.
ലാത്തിയും തോക്കും ബൂട്ടുംകൊണ്ട് വികസനത്തിന്റെ ചൂളംവിളി കേരളത്തിന്റെ നെഞ്ചിലൂടെ ഓടിക്കാമെന്നത് ഏകാധിപത്യ ബോധമാണ്. ഭരണകൂടവും പൊലീസും പൗരനോട് മാന്യമായി പെരുമാറണമെന്നും കെ.സി.ബി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.