ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ അമിത പ്രാധാന്യം കൊടുത്ത് ചര്‍ച്ചയാക്കുന്നത് പ്രതിഷേധാർഹമെന്ന് കെ.സി.ബി.സി
text_fieldsകൊച്ചി: ക്രൈസ്തവരുടെയും കത്തോലിക്ക സഭയുടെയും ആഭ്യന്തര വിഷയങ്ങൾ മാധ്യമങ്ങൾ അമിത പ്രാധാന്യം കൊടുത്ത് ചർച്ചയാക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ.സി.ബി.സി. പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങൾ പോലും അനാവശ്യമായി ചർച്ച ചെയ്ത് ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചിലർ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കെ.സി.ബി.സി ജാഗ്രത കമീഷൻ ആരോപിച്ചു.
പാലാ രൂപത കഴിഞ്ഞ ദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവെച്ച ആശയത്തെ വളച്ചൊടിക്കാനും അതുവഴി സഭയേയും രൂപതാധ്യക്ഷനേയും അധിക്ഷേപിക്കാനും നീക്കം നടന്നു. ഉത്തരവാദിത്തത്തോടെ കൂടുതൽ കുട്ടികളെ വളർത്താൻ തയാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോകരാജ്യങ്ങളുടെയും കത്തോലിക്ക സഭയുടെയും പൊതുവായ നയമാണ്. കേരളത്തിലെ ക്രൈസ്തവർ ജനസംഖ്യ കുറഞ്ഞ് ദുർബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്‍റെ ദോഷം മനസിലാക്കുന്ന അനേകർ ഈ സമൂഹത്തിൽ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വർധനവിന്‍റെ പേര് പറഞ്ഞ് പാലാ മെത്രാന്‍റെ നിർദേശത്തെ ചിലർ അപഹാസ്യമായി അവതരിപ്പിക്കുന്നത് -കെ.സി.ബി.സി ആരോപിക്കുന്നു.
ജനസംഖ്യാ വിസ്ഫോടനത്തെയാണ് കത്തോലിക്ക സഭ ലക്ഷ്യംവെക്കുന്നതെന്ന് വിധത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം ക്രൈസ്തവ സമൂഹങ്ങളുടെ തകർച്ച തന്നെയാണെന്നും കെ.സി.ബി.സി ജാഗ്രത കമീഷൻ ആരോപിച്ചു.
കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത രംഗത്തെത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് അതിരൂപതയുടെ പ്രഖ്യാപനം. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്‍റ്. ജോസഫ് കോളജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ പ്രഖ്യാപനത്തില്‍ പറയുന്നു.
ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. പാലാ രൂപതയുടെ 'കുടുംബവര്‍ഷം 2021' പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.